തിരുവനന്തപുരം > സംസ്ഥാനത്തെ കോളേജുകളിലെ യുജി, പിജി അവസാന വർഷ ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും. ഇതര ക്ലാസുകൾ 18 മുതൽ ആരംഭിക്കും. ബിരുദാനന്തരബിരുദ ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾക്കുമെത്താം. ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ട ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കലുകൾക്ക് പ്രാധാന്യം നൽകാം.
ഹോസ്റ്റലുകൾ തുറക്കണം. ലൈബ്രറി, ലബോറട്ടറി തുടങ്ങിയവയും തുറക്കും. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർ, ഗർഭിണികൾ, അപകടകരമായ രോഗങ്ങൾ ബാധിച്ചവർ എന്നീ വിഭാഗക്കാരായ അധ്യാപക അനധ്യാപക ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ തുടരാം.
അതതിടത്തെ സാഹചര്യമനുസരിച്ച് പ്രവർത്തനസമയം കോളേജുകൾക്ക് നിർണയിക്കാം. രാവിലെ 8.30 മുതൽ 1.30 വരെയും ഒമ്പതുമുതൽ പകൽ മൂന്നുവരെയും 9.30 മുതൽ 3.30 വരെയും 10 മുതൽ നാലുവരെയുമാണ് ക്ലാസുകൾ. മുഴുവൻ അധ്യാപക, അനധ്യാപക ജീവനക്കാരും ഹാജരാകണം. എൻജിനിയറിങ് കോളേജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്താം.