കൊച്ചി > കൂട്ടായ പരിശ്രമത്തിലൂടെ കൊച്ചിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് മന്ത്രി പി രാജീവ്. വികസനപദ്ധതികൾ വേഗത്തിലാക്കാൻ കൊച്ചി കോർപറേഷൻ സംഘടിപ്പിച്ച ഭരണ–- ഉദ്യോഗസ്ഥ–- സംഘടനാ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയുടെ വികസനത്തിനായി സ്ഥലമേറ്റെടുപ്പിന് പ്രത്യേക യൂണിറ്റ് രൂപീകരിക്കുക, ഭരണത്തിന് സഹായകമായ വിദഗ്ധരുടെ പാനൽ രൂപീകരിക്കുക, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുക, കൊച്ചിയുടെ വാണിജ്യസാധ്യതകൾ പ്രയോജനപ്പെടുത്തുക, ഫോർട്ടുകൊച്ചിയുടെ സവിശേഷമായ പ്രത്യേകതകൾ നിലനിർത്തി സംരക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോർപറേഷന്റെ സേവനങ്ങൾ മൂന്നുമാസത്തിനകം ഓൺലൈനായി ലഭ്യമാകും. കൊച്ചിയിൽ പൂർണമായും സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക യോഗം ചേരും. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതി ലഭിക്കുന്നമുറയ്ക്ക് തുടർപ്രവർത്തനങ്ങളിലേക്ക് കടക്കും. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്, കൊച്ചി കോർപറേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന സൗന്ദര്യവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൊച്ചിയിലെ റോഡ് ശൃംഖല സമയബന്ധിതമായി പൂർത്തിയാക്കും. 1500 കോടി രൂപയുടെ കനാൽ നവീകരണപദ്ധതി വേഗത്തിലാക്കും. തമ്മനം–-പുല്ലേപ്പടി റോഡ് യാഥാർഥ്യമാക്കും. തേവര പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ വികസനപ്രവർത്തനങ്ങൾ ഊർജിതമാക്കും.
രാഷ്ട്രീയപരമായ കാഴ്ചപ്പാടുകളുടെ പ്രശ്നംകൊണ്ടല്ല പിടിപ്പുകേടുകൊണ്ടാണ് കൊച്ചിയുടെ വികസനം ഇഴഞ്ഞുനീങ്ങിയിരുന്നത്. ഇപ്പോൾ സ്ഥിതിഗതികൾ മാറിവരികയാണ്. ഓരോ നിയോജകമണ്ഡലത്തിലെയും പ്രശ്നങ്ങൾ വിലയിരുത്താൻ എംഎൽഎമാരുടെ പ്രത്യേക യോഗം ചേരും. ബന്ധപ്പെട്ട വകുപ്പുകളുമായി അവലോകനയോഗം ചേർന്ന് കൃത്യമായ കലണ്ടർ തയ്യാറാക്കി കൊച്ചിയിലെ വികസനപദ്ധതികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.