
എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിലേറിയ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുന്നത്. പോലീസുകാർ ആനാവശ്യ യോഗത്തിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പങ്കെടുക്കുന്നുണ്ടെങ്കിൽ യൂണീഫോമില്ലാതെ ആകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇത്തരം കേസുകളുടെ അന്വേഷണത്തിന് ഡിഐജിമാര്‍ മേൽനോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ലോക്ക്ഡൗൺ കാലത്ത് പോലീസിനെതിരെ ഉയര്‍ന്ന പരാതികൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എടിഎമ്മിൽ പണമെടുക്കാൻ എത്തിയ പെൺകുട്ടിയുമായി ഉണ്ടായ വാക്കുതര്‍ക്കം, മീൻ വിൽപ്പനക്കാരിയുടെ കുട്ടി തട്ടി തെറിപ്പിച്ചത്, അടക്കമുള്ള സംഭവങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം പോലീസുകാരെ യുവതി ഹണി ട്രാപ്പിൽ പെടുത്തിയതായ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പുതിയ ബാച്ചിലെ എസ്ഐമാർ അടക്കം സംസ്ഥാനത്തെ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ കെണിയിൽ അകപ്പെട്ടത്. ആലപ്പുഴയിൽ നിന്നുള്ള ഒരു എസ്ഐക്ക് ആറ് ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ് യുവതി പോലീസുകാരെ തട്ടിപ്പിന് ഇരയാക്കിയത്. പരിചയപ്പെടുന്നവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയാണ് മുൻകൈയ്യെടുത്തിരുന്നത്. പിന്നീട് ഗർഭിണിയാണെന്ന് ഇരകളെ അറിയിക്കും. ഗർഭഛിദ്രം നടത്താൻ പണം ആവശ്യപ്പെടുകയും ചെയ്യും. ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയോ പോലീസുകാരുടെ താമസ സ്ഥലങ്ങളിൽ വെച്ചോ ഹോട്ടലിൽ വെച്ചോ ആണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ഗർഭിണിയാണെന്ന് അറിയിച്ച ശേഷം പ്രശ്നം ഒതുക്കി തീർക്കാൻ പണം ആവശ്യപ്പെടും. കുരുക്കിൽ പെടുന്ന പോലീസുകാരിൽ നിന്നും പതിനായിരങ്ങളും ലക്ഷങ്ങളുമാണ് യുവതി തട്ടിച്ചെടുത്തത്. കുടുംബ ജീവിതം തകരുമെന്ന ഭീതികൊണ്ട് ആരും പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. പരിചയപ്പെടുന്നവരിൽ നിന്നും മറ്റുള്ളവരിലേക്ക് ബന്ധം വ്യാപിപ്പിക്കുന്നതായിരുന്നു യുവതിയുടെ രീതി.
നേരത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ ഹണി ട്രാപ്പ് ആരോപണം ഉയർന്നതിനെത്തുടർന്ന് അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ സ്വകാര്യ ചാറ്റ് ഉപയോഗിച്ചാണ് മറ്റ് ഉദ്യോഗസ്ഥരുമായി യുവതി ബന്ധം സ്ഥാപിച്ചത്. യുവതിയുടെ പക്കലുള്ള വിവരങ്ങൾ പുറത്ത് വരുമോയെന്ന ഭയം മൂലം ഇന്റലിജൻസ് റിപ്പോർട്ട് വന്നിട്ടും പോലീസുകാർ പരാതിപ്പെട്ടിരുന്നില്ല.
തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഒരു നഴ്സും മറ്റൊരു യുവാവും യുവതിക്ക് സഹായം ചെയ്തു നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യുവതി ഗർഭിണിയാണെന്ന റിപ്പോർട്ട് സംഘടിപ്പിച്ച് നൽകിയത് നഴ്സാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നഴ്സ് നൽകുന്ന റിപ്പോർട്ടാണ് യുവതി പ്രധാന ആയുധമാക്കിയത്.















