ഹൈദരാബാദ് > രാംചരണ്, ജൂനിയര് എന്ടിആര് എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്ആര്ആറിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ജനുവരി 7ന് ചിത്രം റിലീസ് ചെയ്യും. രാം ചരണും ജൂനിയര് എന്ടിആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂനിയര് എന്ടിആര് കൊമരു ഭീം ആയും രാം ചരണ് അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില് എത്തുന്നത്. സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്സണ് എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തും.
450 കോടി രൂപയില് ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റല് സാറ്റ്ലൈറ്റ് അവകാശത്തിലൂടെ തന്നെ 325 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
ചരിത്രവും ഫിക്ഷനും ചേര്ത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ആര്ആര്ആര് എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് രുധിരം, രൗദ്രം, രണം എന്നാണ്. വി വിജയേന്ദ്രപ്രസാദാണ് തിരക്കഥ. ഡി വി വി ദാനയ്യയാണ് നിര്മാതാവ്. കെ കെ സെന്തില്കുമാര് ഛായാഗ്രഹണം നിര്വഹിക്കുന്നു. സംഗീതം: എം എം കീരവാണി. പിആര്ഒ ആതിര ദില്ജിത്. കോവിഡ് പ്രതിസന്ധികള്ക്ക് ശേഷം ഒക്ടോബര് ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്.