തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ഉടവാൾ ഏറ്റുവാങ്ങി. പത്മനാഭപുരം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. തമിഴ്നാട് ഐടി വകുപ്പ് മന്ത്രി മനോ തങ്കരാജ്, കേരള- തമിഴ്നാട് ദേവസ്വം വകുപ്പ് അധികൃതർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേരള – തമിഴ്നാട് പോലീസിന്റെ അകമ്പടിയോടുകൂടിയാണ് പത്മനാഭപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നവരാത്രി ഘോഷയാത്ര തിരിക്കുന്നത്. കുഴിത്തുറയിൽ വിശ്രമിക്കുന്ന ഘോഷയാത്രാസംഘത്തെ തിങ്കളാഴ്ച കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കേരള സർക്കാർ ആചാരപൂർവം സ്വീകരിക്കും.
ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്കയുടെ വിഗ്രഹം ഇന്നലെ പുറപ്പെട്ടിരുന്നു. താണുമാലയ സ്വമി ക്ഷേത്രത്തിൽ എത്തിച്ചേർന്ന മുന്നൂറ്റിനങ്കയുടെ വിഗ്രഹവും വേളിമല മുരുകൻ, പദ്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതി, തിരുവിതാം കൂർ മഹാരാജാവിന്റെ ഉടവാൾ… എന്നിവയാണ് ആചാരപൂർവം ഉള്ള ഘോഷയാത്രയിൽ ഉള്ളത്.
ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ ഒമ്പത് ദിവസം നടക്കുന്ന പൂജകൾക്ക് തുടക്കമാകും. നവരാത്രി പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ പൂർവസ്ഥാനങ്ങളിലേക്ക് തിരികെ എഴുന്നെള്ളും. തക്കല കൊട്ടാരത്തിൽ നിന്നും ആരംഭിക്കുന്ന നവരാത്രി ഘോഷയാത്രയ്ക്ക് കേരള സർക്കാരും മുഖ്യ സംഘാടകനാണ്.
കഴിഞ്ഞ വർഷം കോവിഡ്പശ്ചാത്തലത്തിൽ ഘോഷയാത്രയ്ക്ക് ഇരു സർക്കാരുകളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ ആ ചാരാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകി തന്നെയായിരിക്കും ഘോഷയാത്ര തിരുവനന്തപുരത്തേക്ക് തിരിക്കുക.