മഴയ്ക്ക് പുറമെ അതിശക്തമായ ഇടിമിന്നലും പ്രദേശത്തുണ്ടായിരുന്നു. കോഴിക്കോട് മുക്കത്ത് നാല് കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. ഈ പ്രദേശത്ത് ആദ്യമായാണ് കടകളില്‍ വെള്ളം കയറുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
Also Read :
കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാസര്‍കോട് മരുതോ മലയോര ഹൈവേയ്ക്ക് സമീപം വനത്തിൽ ഉരുള്‍പ്പൊട്ടി. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഉരുളുപൊട്ടിയത് റോഡിന് ഇരുവശത്തുമുള്ള സ്ലാബുകള്‍ തകര്‍ന്ന് വീഴുകയും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെടുകയുമായിരുന്നു. അതേസമയം, വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശമുള്ളത്. ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ആറ് ജില്ലകളിലെ യെല്ലോ അലര്‍ട്ട് കൂടാതെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലും കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയേ തുടര്‍ന്ന് പരക്കെ നാശമുണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ തൃക്കൂര്‍ മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ അഞ്ച് വീടുകളില്‍ വെള്ളം കയറി. മറ്റത്തൂര്‍ വെള്ളിക്കുളം വലിയ തോടും പൂവാലിത്തോടും കവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി.
പ്രദേശത്ത് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. വരന്തരപ്പിള്ളി കുരുടിപാലത്തിന് സമീപത്തെ കടകളില്‍ വെള്ളം കയറി. ചാലക്കുടി കൊന്നക്കുഴിയില്‍ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് വീടുകള്‍ക്ക് വിള്ളല്‍ വീണു.
കോഴിക്കോടും കനത്ത മഴയാണ് പെയ്യുന്നത്. മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂർ, വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. രാത്രി 7.30 ഓടെ തുടങ്ങിയ മഴയില്‍ മുക്കത്ത് കടകളിൽ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂപപ്പെട്ടു.