തലയോലപ്പറമ്പ് > പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്തറുത്ത് കൊന്ന നിതിന മോളുടെ മൃതദേഹം സംസ്കരിച്ചു. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് നിതിനയുടെ മൃതദേഹം സംസ്കരിച്ചത്. തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്.
ഡിവൈഎഫ്ഐ ഉദയനാപുരം മേഖലാ വൈസ് പ്രസിഡന്റുകൂടിയായിരുന്ന നിതിനയുടെ വിയോഗം നാടിന് ഉള്‍ക്കൊള്ളാനായിട്ടില്ല. പ്രളയകാലത്തും കോവിഡ് മഹാമാരിയിലും ഉള്‍പ്പെടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നിതിന. ഡിവൈഎഫ്ഐയുടെ സാമൂഹ്യ അടുക്കള വഴി നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് മുന്നിലുണ്ടായിരുന്നു. കോവിഡ് സാഹചര്യത്തിലും നിതിനയെ അവസാനമായി കാണാന്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. മന്ത്രി വി എന്‍ വാസവനും സി കെ ആശ എംഎല്‍എയും നിതിനയുടെ വീട് സന്ദര്‍ശിച്ചു.
അതിനിടെ പ്രതി അഭിഷേകിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കോളജില്‍ എത്തിയത് മുതല്‍ കൊലപാതകം നടത്തിയതുവരെയുള്ള കാര്യങ്ങള്‍ അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയായിരുന്നു കൊലപാതക വിവരങ്ങള്‍ അഭിഷേക് വിശദീകരിച്ചത്. കോളജിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയുമായി പൊലീസ് മടങ്ങി. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഇന്നലെയാണ് പാല സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന മോള് സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിതിന മരിച്ചു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി.