വാഷിങ്ടൺ
അഫ്ഗാനിസ്ഥാനിലേതുപോലെ പാകിസ്ഥാനും ഭീകരരുടെ സ്വര്‍ഗമായി തുടരുന്നതില്‍ ആശങ്കാകുലരാണെന്ന് അമേരിക്ക. പാകിസ്ഥാനുമായി ബന്ധപ്പെട്ട ആശങ്ക ദീർഘകാലമായുള്ളതാണെന്നും അതിപ്പോഴും നിലനിൽക്കുന്നെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.
അഫാഗാനില്‍ ആക്രമണം നടത്തുന്നതിന് താലിബാന് സഹായമൊരുക്കി നല്‍കിയതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് മുമ്പും അമേരിക്ക ആരോപിച്ചിരുന്നു. ഇരു രാജ്യത്തിന്റെയും അതിര്‍ത്തിയിലെ തീവ്രവാദ പ്രര്‍ത്തനങ്ങളിലെ ഉത്തരവാദിത്വങ്ങളില്‍നിന്ന് പാകിസ്ഥാന് ഒഴിയാനാകില്ലെന്ന് കിർബി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം നടത്താനും രാഷ്ട്രത്തെ സംരക്ഷിക്കുന്നത് തുടരാനും അമേരിക്കയ്ക്ക് അവകാശമുണ്ടെന്നും കിർബി പറഞ്ഞു. എന്നാല്‍, അഫ്ഗാനിസ്ഥാനു മുകളില്‍ ഡ്രോണുകൾ പറത്തിക്കൊണ്ട് അമേരിക്ക പിൻവാങ്ങല്‍ കരാർ ലംഘിക്കുകയാണെന്നും ഇത് അവസാനിപ്പക്കണമെന്നും താലിബാന് മുന്നറിയിപ്പ് നൽകി.