മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടികൾ ഉണ്ടായത്. ദേശീയ പക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ജീവിയാണ് മയിലുകൾ.
വൈദികൻ ദേവസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേസ് അന്വേഷണത്തിൻ്റെ തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. കേസിൻ്റെ തുടർ നപടികൾ പുരോഗമിക്കും. വിയ്യൂർ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള വിയ്യാനി ഭവനിൽ വെച്ചാണ് വൈദികൻ മയിലുകളെ അടിച്ച് കൊന്നതെന്ന് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയൻ പറഞ്ഞു. മയിലുകളുടെ ജഡം സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മയിലുകൾ കടക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങിയാണ് മയിലുകൾ മരിച്ചതെന്നും റിപ്പോർട്ടുണ്ട്. മയിലുകളെ കൊല്ലുന്നത് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
സമീപകാലത്ത് മയിലുകള്‍ കൂട്ടത്തോടെ നാട്ടിന് പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്. റോഡിന് കുറുകെ താഴ്ന്നുപറന്ന മയിൽ ശരീരത്തിൽ ഇടിച്ച് ആഴ്ചകൾക്ക് മുൻപ് തൃശൂരിൽ യുവാവ് മരിച്ചിരുന്നു. പുന്നയൂർക്കുളം പരൂർ പീടികപറമ്പിൽ മോഹനൻ്റെ മകൻ പ്രമോഷ് (34) ആണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ഭാര്യ വീണയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പുഴയ്ക്കലിൽ നിന്ന് അയ്യന്തോൾ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.