ദുബായ്
ഇടംകൈയൻ ഓപ്പണർ വെങ്കിടേഷ് അയ്യർ മിന്നിയപ്പോൾ പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 166 റൺ വിജയലക്ഷ്യം കുറിച്ചു. വെങ്കിടേഷ് 49 പന്തിൽ 67 റണ്ണടിച്ചു. ഒരു സിക്സറും ഒമ്പത് ബൗണ്ടറിയും സഹിതമായിരുന്നു ഇരുപത്താറുകാരന്റെ ഇന്നിങ്സ്. നിതീഷ് റാണയും (18 പന്തിൽ 31) രാഹുൽ തൃപാഠിയും (26 പന്തിൽ 34) കൊൽക്കത്ത നിരയിൽ വെങ്കിടേഷിന് പിന്തുണ നൽകി. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആശിച്ച തുടക്കമായിരുന്നില്ല. ശുഭ്മാൻ ഗിൽ (7) തുടക്കത്തിലേ മടങ്ങി. തൃപാഠിക്കൊപ്പം ചേർന്ന് വെങ്കിടേഷ് രക്ഷാപ്രവർത്തനം ആരംഭിച്ചു. പഞ്ചാബ് ബൗളർമാരെ ഭയക്കാതെ അനായാസമായിരുന്നു കൊൽക്കത്തക്കാരൻ ബാറ്റ് വീശിയത്. തൃപാ–ഠിക്ക് പിന്നാലെയെത്തിയ റാണയും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ കൊൽക്കത്തയുടെ സ്കോർ ഉയർന്നു. എന്നാൽ, വെങ്കിടേഷിനെ പുറത്താക്കി രവി ബിഷ്ണോയ് പഞ്ചാബിനെ കളിയിൽ തിരികെയെത്തിച്ചു. ഇയോവിൻ മോർഗൻ (2), ദിനേശ് കാർത്തിക് (11) എന്നീ പരിചയസമ്പന്നർ പെട്ടെന്ന് മടങ്ങിയത് കൊൽക്കത്തയെ തളർത്തി. രണ്ട് സിക്സും ബൗണ്ടറിയും പായിച്ച റാണയാണ് പിന്നീട് അവരെ നയിച്ചത്.