നൗകാമ്പ്
റൊണാൾഡ് കൂമാനെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കാനൊരുങ്ങി ബാഴ്സലോണ. സ്പാനിഷ് ലീഗിൽ അത്ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിന് ശേഷമായിരിക്കും തീരുമാനം. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ട് വമ്പൻ തോൽവികളാണ് ബാഴ്സ വഴങ്ങിയത്. സ്പാനിഷ് ലീഗിൽ തോൽവിയറിഞ്ഞില്ലെങ്കിലും ആറ് കളിയിൽ മൂന്ന് സമനിലകളുമായി ആറാംസ്ഥാനത്താണ്.
ലയണൽ മെസി ക്ലബ് വിട്ടശേഷം ബാഴ്സയുടെ നില പരുങ്ങലിലാണ്. കൂമാന്റെ തന്ത്രങ്ങൾ വിമർശിക്കപ്പെട്ടു. ക്ലബ് പ്രസിഡന്റ് യൊവാൻ ലപോർട്ടയ്-ക്ക് കൂമാനിൽ വിശ്വാസമില്ല. കഴിഞ്ഞദിവസം ബാഴ്സ ലപോർട്ടയും ക്ലബ്ബിലെ മറ്റ് തലവൻമാരും തമ്മിൽ ചർച്ച നടത്തിയിരുന്നു. പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ശ്രമം തുടങ്ങി. ബൽജിയം ടീം പരിശീലകൻ റോബർട്ടോ മാർട്ടിനെസാണ് പരിഗണനയിൽ.
ബാഴ്സ സ്പോർടിങ് അഡ്വൈസർ ജോർഡി ക്രൈഫയുമായി നല്ല ബന്ധത്തിലാണ് മാർട്ടിനെസ്. ലപോർട്ടയ്ക്കും മാർട്ടിനെസിൽ താൽപ്പര്യമുണ്ട്. അർജന്റീന ക്ലബ് റിവർ പ്ലേറ്റിന്റെ പരിശീലകൻ മാർസെലോ ഗല്ലാർഡോയാണ് ഉയർന്നുകേൾക്കുന്ന മറ്റൊരു പേര്. ഗല്ലാർഡോയ്ക്ക് പക്ഷേ, ജനുവരിയിൽമാത്രമേ പുതിയ ക്ലബ്ബുമായി കരാറാക്കാൻ കഴിയുകയുള്ളൂ. അർജന്റീന ലീഗ് ഡിസംബറിലാണ് അവസാനിക്കുക. യുവന്റസിന്റെ മുൻ പരിശീലകൻ ആന്ദ്രേ പിർലോ, ബാഴ്സയുടെ മുൻതാരം സാവി എന്നിവരും പരിഗണനയിലാണ്. സാവിയുടെ കാര്യത്തിൽ ലപോർട്ടയ്ക്ക് താൽപ്പര്യമില്ല.
അതിനിടെ, പ്രസിഡന്റ് ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ലെന്ന് കൂമാൻ വ്യക്തമാക്കി. ‘പ്രസിഡന്റ് എന്നോട് ഒന്നും സംസാരിച്ചിട്ടില്ല. ആരുംതന്നെ പറഞ്ഞിട്ടില്ല. എനിക്ക് കണ്ണും കാതുമുള്ളതുകൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾ എന്താണെന്ന് വ്യക്തമായി അറിയാം. സ്വയം പ്രതിരോധിക്കാനാളല്ല. എങ്കിലും ക്ലബ്ബിന്റെ ഇപ്പോഴത്തെ നില ആർക്കും വിലയിരുത്താൻ കഴിയുന്നതാണ്– കൂമാൻ പറഞ്ഞു.
ക്ലബ്ബിനുണ്ടായ മാറ്റങ്ങൾ നമ്മൾ അംഗീകരിച്ചാലേ മതിയാകൂ. ഈ ക്ലബ്ബുമായി ഒപ്പിട്ടതായിരുന്നു ഏറ്റവും മനോഹര നിമിഷം. മെസി ടീം വിട്ട് പോയത് ഏറ്റവും മോശം നിമിഷവും– കൂമാൻ വ്യക്തമാക്കി. അത്-ലറ്റികോ മാഡ്രിഡുമായുള്ള കളിയിൽ വരയ്ക്കരികെ നിൽക്കാനാകില്ല കൂമാന്. രണ്ട് കളിയിൽ വിലക്കാണ്.