കോട്ടയം: പാലായിൽ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്താനിടയാക്കിയത് സംശയമാണെന്ന് പ്രതി അഭിഷേക് ബൈജുവിന്റെ മൊഴി. കൊലപാതകത്തിന് ശേഷം പിടിയിലായ അഭിഷേകിന് കുറ്റകൃത്യത്തിൽ യാതൊരു കുറ്റബോധവും ഇല്ലെന്ന് പോലീസ് പറയുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോഴും അഭിഷേകിന്റെ മുഖഭാവത്തിൽ ഇത് വ്യക്തമായിരുന്നു.
പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കൽ വീട്ടിൽ നിഥിനയെ അഭിഷേക് ഇന്ന് രാവിലെ 11.30 ഓടെ കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയായിരുന്നു. നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. അതിന്റെ ചിത്രങ്ങൾ താൻ ഫോണിൽ കണ്ടു ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് അഭിഷേക് മൊഴി നൽകിയിരിക്കുന്നത്.
ഈ ബന്ധം സംബന്ധിച്ച് നിഥിനയോട് പലതവണ ചോദിച്ചെന്നുംഎന്നാൽ കൃത്യമായി മറുപടി നൽകിയില്ലെന്നും അഭിഷേകിന്റെ മൊഴിയിൽ പറയുന്നു. രണ്ടു വർഷമായി പ്രണയത്തിലായ നിഥിനയും അഭിഷേകും തമ്മിൽ അകലാൻ കാരണം ഇത്തരമൊരു സംശയമാണെന്നാണ് പോലീസ് കരുതുന്നത്.
കൊലപാതകം ആഗ്രഹിച്ചിരുന്നില്ലെന്നും തന്റെ സംശയത്തിന് കൃത്യമായി മറുപടി ലഭിക്കുന്നതിന് നിഥിനയെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം വെച്ചിരുന്നതെന്നുമാണ് അഭിഷേക് പറയുന്നത്. അതിനായി സ്വന്തം കൈ ഞരമ്പ് മുറിക്കാനാണ് കത്തി കൈയിൽ വെച്ചിരുന്നത്. ഇതിലൂടെ നിഥിനയുടെ സഹതാപം നേടിയെടുക്കാമെന്ന് കരുതിയിരുന്നതായും അഭിഷേക് പറയുന്നു.
പ്രണയം സംബന്ധിച്ച് വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നാണ് വിവരം. എന്നാൽ അഭിഷേകിന്റെ വീട്ടുകാർ ഇതിന് സമ്മതിച്ചിരുന്നില്ലെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
അതേസമയം, നിഥിനയ്ക്ക് എന്തെങ്കിലും തരത്തിലും ഭീഷണിയോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സലിമോൻ പറഞ്ഞു.തന്റെ മകനും ഈ കോളേജിലാണ് പഠിക്കുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ പറയുമായിരുന്നു. അങ്ങനെ ഒന്നും പറഞ്ഞിരുന്നില്ലെന്നും അമ്മാവൻ വ്യക്തമാക്കി.