ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ ബൗളിങ്ങിനായി നിർബന്ധിക്കേണ്ടതില്ലെന്ന് ടീമിന്റെ പരിശീലകൻ മഹേല ജയവർധനെ. പാണ്ഡ്യയെ ബൗളിങ്ങിലേക്ക് കൂടുതൽ ഉൾപ്പെടുത്തിയാൽ വരാനിരിക്കുന്ന ടി20 ലോകകപ്പിൽ അദ്ദേഹത്തിന്റെ പ്രകടനത്തെ അത് ബാധിക്കുമെന്ന് ജയവർധനെ പറഞ്ഞു.
ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ ആദ്യ രണ്ട് ഗെയിമുകൾ നഷ്ടപ്പെട്ടതിന് ശേഷം തുടർന്നുള്ള മത്സരത്തിൽ ഹർദിക് മുംബൈക്ക് വേണ്ടി ഒരു ബാറ്റ്സ്മാൻ മാത്രമായാണ് ഇറങ്ങിയത്.
ഒക്ടോബർ 17 മുതൽ യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ് മത്സരങ്ങൾ. ഐപിഎൽ പുനരാരംഭിച്ച ശേഷം പാണ്ഡ്യ രണ്ട് മത്സരങ്ങൾ വിട്ട് നിന്നതും പിന്നീട് ബാറ്റ്സ്മാൻ മാത്രമായി ഇറങ്ങിയതും അദ്ദേഹത്തെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിയിരുന്നു.
മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടീം പ്രതിനിധികളുമായി ആശയ വിനിമയം നടത്താറുണ്ടെന്ന് ജയവർധനെ പറഞ്ഞു.
Also Read: ഇതിനി തുടരാനാവില്ല; ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍
“അദ്ദേഹം (ഹാർദിക്) കുറച്ച് അധികം കാലമായി പന്തെറിഞ്ഞിട്ടില്ല, അതിനാൽ ഞങ്ങൾ ഹാർദിക്കിന് വേണ്ടി മികച്ചത് ചെയ്യാൻ ശ്രമിക്കുകയാണ്. ഹാർദിക്കിന്റെ കാര്യത്തിൽ ഞങ്ങൾ ഇന്ത്യൻ ടീം മാനേജ്‌മെന്റുമായി നിരന്തരം ബന്ധപ്പെടുന്നു,” ജയവർധനെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“അദ്ദേഹം ഐപിഎല്ലിൽ പന്തെറിയുമോ ഇല്ലയോ എന്ന് ഞങ്ങൾ ദിവസേന നോക്കും. ഞങ്ങൾ അദ്ദേഹത്തെ നിർബന്ധിച്ചാൽ അദ്ദേഹം ആ നിലക്ക് പോരാടാൻ ഇടയുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു, ” ജയവർധനെ പറഞ്ഞു.
രണ്ട് വർഷം മുൻപ് മുതുകിലെ സർജറിക്ക് ശേഷം തിരിച്ചെത്തിയതുമുതൽ, ഹാർദിക് പഴയപോലെ ബൗൾ ചെയ്തിരുന്നില്ല. എന്നിരുന്നാലും, ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പരയിൽ അദ്ദേഹം പതിവായി പന്തെറിഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തുടർന്നുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Also Read: ‘മോർഗൻ പറഞ്ഞതുപോലെ ഞാൻ ഒരു അപമാനമോണോ;’ മോർഗനെ ശക്തമായ ഭാഷയിൽ വിമർശിച്ച് അശ്വിൻ
പുതിയ ഐപിഎൽ സീസണിൽ ഇന്ത്യയിലെ ആദ്യ മത്സരങ്ങളിൽ അദ്ദേഹം പന്തെറിഞ്ഞില്ല, യുഎഇയിലും ബാറ്റിങ് മാത്രമായി തുടർന്നു.
രണ്ടാം പാദം ആരംഭിച്ച ശേഷമുള്ള നാല് കളികളിൽ ഒരെണ്ണത്തിൽ മാത്രമാണ് മുംബൈ വിജയിച്ചത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ നിലവിൽ ആദ്യ നാല് സ്ഥാനങ്ങളിൽ നിന്ന് പുറത്തായി. 11 കളികളിൽ നിന്ന് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ.
ശനിയാഴ്ചയാണ് മുംബൈയുടെ അടുത്ത മത്സരം. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം പ്ലേ ഓഫ് ഘട്ടത്തിലേക്ക് തുടരാൻ ശ്രമിക്കും.
“ആദ്യ നാല് സ്ഥാനങ്ങളിൽ എത്താൻ ഞങ്ങൾ ഞങ്ങളുടെ മികച്ച ക്രിക്കറ്റ് കളിക്കേണ്ടി വരും,” ജയവർധനെ പറഞ്ഞു.
അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ടീമിന് ഇപ്പോൾ ബാറ്റിങിൽ വലിയ നിരാശയുണ്ട്. സൂര്യകുമാർ യാദവിനെപ്പോലുള്ളവർ യുഎഇയിലെ മത്സരങ്ങളിൽ റൺസ് രണ്ടക്കം തികയ്ക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.
“അദ്ദേഹം (സൂര്യ) ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്, എന്നാൽ ഞാൻ ഉൾപ്പെടെ നിരവധി ക്രിക്കറ്റ് കളിക്കാർ അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നു, ”ജയവർധനെ പറഞ്ഞു.
The post ബൗളിങ്ങിന് നിർബന്ധിച്ചാൽ ഹർദിക് കഷ്ടപ്പെടേണ്ടി വരും: മഹേല ജയവർധനെ appeared first on Indian Express Malayalam.