തൃശ്ശൂർ: ആളൂർ പീഡനക്കേസിൽ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പോലീസിനെന്ന് ഒളിമ്പ്യൻ മയൂഖ ജോണി. തനിക്കും ഇരയായ പെൺകുട്ടിക്കും ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. ആളൂർ പീഡനക്കേസ്സിലെ പ്രതിയായ സി.സി. ജോൺസന്റെ മുൻകൂർ ജാമ്യം കേരളാ ഹൈക്കോടതി തള്ളിയതു മുതൽ ഇരയായ പെൺകുട്ടിയെയും പെൺകുട്ടിയ്ക്കൊപ്പം നിന്നു എന്ന കാരണത്താൽ എനിക്കെതിരെയും ഭീഷണികളും വ്യാജ കേസുകളും നൽകി പീഡിപ്പിക്കുകയാണ് പ്രതിയുടെ കൂട്ടാളികൾ- മയൂഖ പറഞ്ഞു.
ഭീഷണികൾ ഉണ്ടായ ഓരോ സന്ദർഭത്തിലും ലോക്കൽ പോലീസിനെ പരാതികൾ മുഖേന സമീപിച്ചിട്ടും അവയിൽ മൊഴികൾ രേഖപ്പെടുത്താനോ കേസ് രജിസ്റ്റർ ചെയ്യാനോ പോലീസ് തയ്യാറാകുന്നില്ല. കേസിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ അപായപ്പെടുത്തുമെന്ന ഭീഷണി കോൾ വന്നതു സംബന്ധിച്ച് പരാതിപ്പെട്ട ഇരയായ പെൺകുട്ടിയോട് സ്റ്റേഷനിൽ എത്തി നേരിട്ട് മൊഴി നൽകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
അതു പ്രകാരം സ്റ്റേഷനിലെത്തിയ പെൺകട്ടിയെയും ഭർത്താവിനെയും ആളൂർ പോലീസ് എസ്.പി പൂങ്കുഴലി കുറച്ച് ദിവസം കഴിഞ്ഞേ മൊഴി സ്വീകരിക്കാൻ കഴിയൂവെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പ്രതിയെ സഹായിക്കുന്ന ഈ നടപടിക്കെതിരെ പെൺകുട്ടി കേരളാ ഡി.ജി.പി, അഡീഷണൽ ഡി.ജി.പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. കൂടാതെ പെൺകുട്ടിയുടെ ഭർത്താവിന്റെ സഹോദരിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും മയൂഖ പറഞ്ഞു.
content highlights:aloor-rape-case-mayookha johny against kerala police