കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കൊച്ചി മെട്രോ എം.ഡിയും മുൻ ഡി.ജി.പിയുമായ ലോക്നാഥ് ബെഹ്റ അവധിയിലാണെന്ന വാർത്തകൾ തള്ളി കെ.എം.ആർ.എൽ. ബെഹ്റ ഓഫീസിൽ ഉണ്ടെന്നും അദ്ദേഹം അവധിയിൽ പ്രവേശിച്ചിട്ടില്ലെന്നും കെ.എം.ആർ.എൽ വ്യക്തമാക്കി.
അതേസമയം ഒക്ടോബർ ഒന്നുമുതൽ നാലുവരെ കട്ടക്കിൽ നടക്കുന്ന ഒഡിഷ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ അഭിമുഖ പാനലിലേക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിന് പോവുകയാണെന്നും കെ.എം.ആർ.എൽ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ജെ. എൽ. എൻ. സ്റ്റേഡിയം മെട്രോ സ്റ്റേഷന് മുൻപിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയ ട്രാഫിക് ഈസ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ അഭിനന്ദിക്കുന്ന ബഹ്റയുടെ ചിത്രവുംകെ.എം.ആർ.എൽ പങ്കുവെച്ചു ച്ചിട്ടുണ്ട്.മെട്രോ കോർപ്പറേറ്റ് ഓഫീസിൽ ഇന്ന് നടന്ന ചടങ്ങിൽ ബെഹ്റ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുംനൽകുന്നതാണ് ചിത്രം.
കോടികൾ തട്ടിയ മോൺസൻ മാവുങ്കലിന് ബെഹ്റ അടക്കമുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെസഹായം ലഭിച്ചെന്ന ആരോപണം ഉയർന്നതോടെലോക്നാഥ് ബെഹ്റ മൂന്ന് ദിവസമായി ഓഫീസിൽ വരുന്നില്ലെന്നും അവധിയിലാണെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകിയിരുന്ന വിവരം. എന്നാൽ വൈകുന്നേരത്തോടെ ഇത് തിരുത്തിയാണ് കെ.എം.ആർ.എൽ വാർത്താക്കുറിപ്പിറക്കിയത്.
ബെഹ്റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോൺസന്റെ വീട്ടിൽ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ ബീറ്റ് ബുക്ക് മോൺസന്റെ വീടിനു മുന്നിൽ സ്ഥാപിച്ചത് ബെഹ്റയുടെ നിർദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്. എന്നാൽ ഇതിനോട് അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.