കൊച്ചി: തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലിനെ മൂന്നുദിവസത്തേക്കു കൂടി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. മോൺസൻ ഹാജരാക്കിയിരുന്ന ബാങ്ക് രേഖകൾ കൃത്രിമമാണെന്ന് എച്ച്.എസ്.ബി.സി. ബാങ്ക് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ബാങ്കിൽനിന്ന് തേടിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നതിനു പുറമേ കൂടുതൽ കേസുകൾ ഇപ്പോൾ മോൺസന് എതിരെയുണ്ടെന്ന് പ്രതിയെ ഹാജരാക്കവേ ക്രൈം ബ്രാഞ്ച് കോടതിയിൽ പറഞ്ഞു. നിലവിലുണ്ടായിരുന്ന സാമ്പത്തിക തട്ടിപ്പു കേസിൽ, ഫെമ ഇടപാടുമായി ബന്ധപ്പെട്ട് മോൺസൻ ഹാജരാക്കിയിരുന്ന മുഴുവൻ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ എച്ച്.എസ്.ബി.സി. ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. 2,62,000 കോടി രൂപയുടെ രേഖകൾ മോൺസൺ പ്രദർശിപ്പിച്ചത് തങ്ങളുടെ രേഖകളല്ലെന്ന് ബാങ്ക് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രേഖകൾ മോൺസൺ എങ്ങനെയാണ് കെട്ടിച്ചമച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ ചില ട്രിബ്യൂണലുമായി ബന്ധപ്പെട്ട രേഖകൾ കൂടി മോൺസൻ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. ഇവ എങ്ങനെ കൃത്രിമമായി നിർമിച്ചു, ആരുടെ സഹായം ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും അതിനാൽ കസ്റ്റഡിയിൽ വേണമെന്നുമാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.
പ്രതിഭാഗം ശക്തമായി വാദിച്ചെങ്കിലും ക്രൈം ബ്രാഞ്ച് കസ്റ്റഡി ഒഴിവാക്കാനായില്ല. കോടികളുടെ തട്ടിപ്പ് നടന്നെന്ന് പറയുമ്പോഴും അതിന് മതിയായ രേഖകൾ ക്രൈം ബ്രാഞ്ചിന്റെ പക്കലില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. മാധ്യമവാർത്തകൾക്കു പിന്നാലെയാണ് അന്വേഷണ സംഘം പോകുന്നതെന്നും 10 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പറയുമ്പോഴും ഒരുകോടി തുക കൈമാറിയതിന്റെ രേഖകൾ മാത്രമാണ് ക്രൈം ബ്രാഞ്ച് കാണിച്ചിട്ടുള്ളതെന്നും പ്രതിഭാഗം പറഞ്ഞു.
content highlights:monson sent to crime branch custody