കോഴിക്കോട്: പോലൂരിലെ വീട്ടിനുള്ളിൽനിന്ന് തുടർച്ചയായി അജ്ഞാതശബ്ദംകേൾക്കുന്നത് സംബന്ധിച്ച് വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമിക്കടിയിലെ മർദവ്യത്യാസമാകാംശബ്ദത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധ സംഘം ചൂണ്ടിക്കാട്ടി. ഭൗമശാസ്ത്രജ്ഞൻ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച വീട്ടിലെത്തി പരിശോധനനടത്തിയത്.ഭൂമിക്കടിയിൽ മണ്ണൊലിപ്പ് ഇല്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ സർവേ നടത്തുമെന്നും അവർ അറിയിച്ചു.
പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയിൽ അധികമായി മുഴക്കം കേൾക്കുന്നത്. ഫയർഫോഴ്സും ജിയോളജി ഉദ്യോഗസ്ഥരുമൊക്കെയെത്തി പരിശോധന നടത്തിയിരുന്നെങ്കലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മന്ത്രി എ.കെ. ശശീന്ദ്രനും വീട് സന്ദർശിച്ചിരുന്നു. തുടർന്ന് റവന്യൂ വകുപ്പിന്റെ നിർദേശപ്രകാരമാണ് കേന്ദ്രഭൗമശാസ്ത്ര പഠന കേന്ദ്രത്തിൽനിന്ന് വിരമിച്ച ഡോക്ടർ ജി. ശങ്കറിന്റെ നേതൃത്തിലുള്ള സംഘം വീട്ടിലും പരിസരത്തും പരിശോധന നടത്തിയത്. മുഴക്കത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ സർവേ ആവശ്യമാണെന്നും സംഘം വിലയിരുത്തി.
അടുത്തിടെയാണ് മുകളിലേക്ക് ഒരു നില കൂടി പണിതത്. ഇതിനുശേഷമാണ് ശബ്ദം കേട്ട് തുടങ്ങിയതെന്നാണ് വീട്ടുകാർ പറയുന്നത്. താഴെ നിന്നാൽ ശബ്ദം വ്യക്തമായി കേൾക്കാം. ഇപ്പോൾ കൃത്യമായ സമയമൊന്നുമില്ല. പലപ്പോഴായി കേൾക്കുന്നു. മുകളിലത്തെ പറമ്പിൽ മണ്ണെടുക്കലിന്റെ പണി നടന്നിരുന്നു. ശബ്ദം ഇതിനെ തുടർന്നാണോ എന്ന് സംശയിച്ചിരുന്നെങ്കിലും ബിജുവിന്റെ വീട്ടിൽ മാത്രം എങ്ങനെ ശബ്ദംകേൾക്കുന്നുവെന്നാണ് ആർക്കും മനസ്സിലാവാത്തത്.
പരിശോധനാ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ദുരന്തനിവാരണ അഥോറിറ്റിക്ക് കൈമാറും. രാപകൽ വ്യത്യസമില്ലാതെ മുഴക്കം കേൾക്കുന്നതിനാൽ വീട്ടുകാർ രാത്രികാലങ്ങളിൽ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
Content Highlights:Unknown noise in the house- Experts say that this may be due to pressure differences