കോഴിക്കോട് > പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന് വഴിവിട്ട് സഹായങ്ങള് നല്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രാജിവെക്കണമെന്ന് കെപിസിസി മുന് ജനറല് സെക്രട്ടറി കെ പി അനില്കുമാര് ആവശ്യപ്പെട്ടു. ഒരുപാട് മഹാരഥന്മാര് ഇരുന്ന പദവിയില് സുധാകരന് ഇരിക്കാന് യോഗ്യതയുണ്ടോയെന്ന് കോണ്ഗ്രസ് പ്രവര്ത്തകര് ആലോചിക്കണം.
വ്യാജ ഡോക്ടറെ തിരിച്ചറിയാന് സാധിക്കാത്ത വ്യക്തിക്ക് എങ്ങനെയാണ് കോണ്ഗ്രസ് നേരിടുന്ന പ്രശ്നങ്ങള് കണ്ടെത്തി പരിഹരിക്കാനാവുക. മോന്സണില് നിന്ന് എന്ത് ചികിത്സയാണ് നടത്തിയതെന്ന് ജനങ്ങളോട് പറയണം.
പുരാവസ്തു തട്ടിപ്പുകാരനുമായി ദൃഢ ബന്ധം ഉണ്ടായിരുന്നെന്നും തട്ടിപ്പിന് കെ സുധാകരനാണ് മറയെന്നുമാണ് പരാതിക്കാരന്റെ വെളിപ്പെടുത്തല്.സുധാകരന് കൊച്ചിയില് പോയപ്പോഴെല്ലാം മോന്സണിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില് പ്രതികരിക്കണം. സുധാകരന് ചെയര്മാനായ കെ കരുണാകരന് ചാരിറ്റബിള് ട്രസ്റ്റ് പിരിച്ച 20കോടി രൂപയുടെ കണക്ക് എവിടെയാണെന്നും വെളിപ്പെടുത്തണം.
കോണ്ഗ്രസ് തകരുന്ന കാഴ്ചയാണ് അഖിലേന്ത്യാ തലത്തിലുള്ളത്. പഞ്ചാബില് ഭരണം നഷ്ടപ്പെടുന്ന രീതിയില് കാര്യങ്ങള് പോകുമ്പോള് ഇടപെടാതെ രാഹുല് ഗാന്ധി കേരളത്തില് ചായകുടിച്ച് നടക്കുകയാണ്. കോണ്ഗ്രസിലെ തര്ക്കങ്ങള് ചോദ്യം ചെയ്ത മുതിര്ന്ന നേതാക്കളെപ്പൊലും ആക്രമിക്കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും അനില്കുമാര് വാര്ത്താസമ്മേളനത്തില് പറഞ്ഞു.