കോട്ടയം: അപകടത്തിൽപ്പെട്ട അപസ്മാര രോഗിയായ യുവാവിനെ സഹയാത്രികനും നാട്ടുകാരും വഴിയിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് മണിക്കൂറുകൾക്കുശേഷം മരിച്ചു. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. എട്ട് മണിക്കൂർ റോഡരികിൽ കിടന്ന അതിരമ്പുഴ സ്വദേശി ബിനു വ്യാഴാഴ്ച രാവിലെയോടെയാണ് മരിച്ചത്.ഓട്ടോ ഡ്രൈവർ അടക്കമുള്ളവർ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് പോകുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മദ്യപ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് യുവാവ് തെറിച്ചു വീണു. അമിതമായി മദ്യപിച്ച് അപസ്മാരമുണ്ടായ യുവാവിനെ വഴിയിലുപേക്ഷിച്ച് സുഹൃത്തെന്ന് കരുതുന്ന ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. പരിസരവാസികളും തിരിഞ്ഞു നോക്കിയില്ല. രാത്രി മുതൽ എട്ട് മണിക്കൂറോളം റോഡിൽ കിടന്ന യുവാവ് രാവിലെയോടെയാണ് മരിച്ചത്.
ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പാട് അകലെയാണ് സംഭവം നടന്നത്. നീണ്ടൂർ റോഡിൽ നിന്ന് വന്ന ഓട്ടോറിക്ഷ ജങ്ഷനിൽ നിയന്ത്രണംവിട്ട് മറിഞ്ഞു. ഓട്ടോയിൽ സഞ്ചരിച്ച ബിനു തെറിച്ചു വീണു. ബിനുവിന്റെ ദേഹത്തേക്കാണ് ഓട്ടോ മറിഞ്ഞത്. സമീപത്തുണ്ടായിരുന്ന ആളുകളാണ് ബിനുവിനെ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽനിന്ന് പുറത്തെടുത്തത്. ബിനുവും ഓട്ടോ ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബിനുവിനെ റോഡിൽ ഉപേക്ഷിച്ച് സുഹൃത്തെന്ന് കരുതുന്ന ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. രക്ഷാപ്രവർത്തനത്തിന് എത്തിയവർ അടക്കമുള്ളർ ബിനുവിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.
അവശനിലയിലായ ബിനു രാവിലെയോടെ റോഡിൽ കിടന്ന് മരിച്ചു. ബിനു അപസ്മാരത്തിന് ചികിത്സയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സമീപ പ്രദേശത്തെ കടയുടമ പോലീസിനെ വിവരം അറിയിച്ചതോടെയാണ് പോലീസ് എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. കുറച്ചുനേരം മുമ്പ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് പ്രദേശത്തെ കച്ചവടക്കാർ പറയുന്നത്. യുവാവ് മദ്യപിച്ച് ബോധരഹിതനായി കിടക്കുകയാണ് എന്നു കരുതിയാണ് ആരും ശ്രദ്ധിക്കാതിരുന്നത് എന്നാണ് കരുതുന്നത്. പോലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Content Highlights: kottayam,accident, death