കണ്ണൂർ: സമീപപ്രദേശത്തെ രണ്ട് സി.പി.എം. ബ്രാഞ്ചുകളെ നയിക്കാനുള്ള നിയോഗം ദമ്പതിമാർക്ക്. അമ്മ സെക്രട്ടറിയായ ബ്രാഞ്ച് അംഗമായി മകളുമുണ്ട്. സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകാനിരിക്കെ, കണ്ണാടിപ്പറമ്പ് ലോക്കലിലെ മാലോട്ട്, പള്ളേരി ബ്രാഞ്ചുകളുടെ സെക്രട്ടറിമാരായി ദമ്പതിമാർ തിരഞ്ഞെടുക്കപ്പെട്ടത് പാർട്ടി അണികൾ നവമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്.
മാലോട്ട് ബ്രാഞ്ച് സെക്രട്ടറിയായി ടി.അശോകനെയും പള്ളേരി ബ്രാഞ്ച് സെക്രട്ടറിയായി ഭാര്യ സി. ആശാലതയെയുമാണ് തിരഞ്ഞെടുത്തത്. ഈ ദമ്പതിമാരുടെ മകൾ ആര്യ പള്ളേരി ബ്രാഞ്ചിലെ അംഗവും. 11 അംഗങ്ങളുള്ള ഈ ബ്രാഞ്ചിൽ അഞ്ചുപേർ വനിതകളാണ്.
പള്ളേരി ബ്രാഞ്ച് സമ്മേളനം കഴിഞ്ഞ 16-നാണ് കഴിഞ്ഞത്. മാലോട്ട് സമ്മേളനം ചൊവ്വാഴ്ചയും.
നാറാത്ത് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ അശോകൻ ചെത്തുതൊഴിലാളിയാണ്.
ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റായ ആശാലത തയ്യൽത്തൊഴിലാളിയും. അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് രണ്ട് മക്കളും രംഗത്തുണ്ട്. രണ്ടാം വർഷ ബി.കോം. വിദ്യാർഥിയായ മൂത്തമകൾ ആര്യ എസ്.എഫ്.ഐ.യുടെയും ബാലസംഘത്തിന്റെയും വില്ലേജ് ഭാരവാഹിയാണ്. ഇളയമകൾ ആൻവി ബാലസംഘം യൂണിറ്റ് സെക്രട്ടറിയാണ്.
Content Highlights:CPIM,Branchconference, Kannur