മുൻ കെപിസിസി പ്രസിഡൻ്റുമാര്‍ അടക്കമുള്ളവര്‍ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിൽ എല്ലാ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തും. കെ സുധാകരനും വിഡി സതീശനും അടങ്ങുന്ന പുതിയ നേതൃത്വം ഏകാധിപത്യസ്വഭാവത്തോടെയാണ് പെരുമാറുന്നതെന്നും മാറ്റങ്ങള്‍ രാഷ്ട്രീയ കാര്യസമിതിയിൽ ചര്‍ച്ച ചെയ്യുന്നില്ലെന്നും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ വിഎം സുധീരൻ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. നേതാക്കളുടെ നയത്തിൽ പ്രതിഷേധിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും എഐസിസിയിൽ നിന്നും സുധീരൻ രാജിവെക്കുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് കോൺഗ്രസിനുള്ളിൽ പുതിയ നീക്കങ്ങൾ.
Also Read:
അടുത്ത മാസം പത്താം തീയതിയോടു കൂടിയായിരിക്കും പുതിയ പട്ടിക തയ്യാറാകുക. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുെ അഭിപ്രായം തേടും. വിവിധ ജില്ലകളിലെ നേതൃയോഗങ്ങളും പൂര്‍ത്തിയാക്കും. ഇതിനു ശേഷമായിരിക്കും പുതിയ ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനമെടുക്കുക. എട്ടാം തീയതി ഡൽഹിയിലെത്തുന്ന കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുകയും അന്തിമ പട്ടിക പത്താം തീയതി ഹൈക്കമാൻഡിന് കൈമാറുകയും ചെയ്യുമെന്നാണ് മനോരമ റിപ്പോര്‍ട്ട്.
മുൻപ് ഡിസിസി പട്ടിക തയ്യാറാക്കിയപ്പോള്‍ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമര്‍ശനവുമായി എത്തിയിരുന്നു. ഇരുനേതാക്കളെയും അനുനയിപ്പിച്ച ശേഷം മുന്നോട്ടു പോകുന്നതിനിടെയാണ് വിഎംസുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള കൂടുതൽ നേതാക്കള്‍ വിമര്‍ശനവുമായി എത്തിയത്. ഈ സാഹചര്യത്തിലാണ് വിപുലമായ ചര്‍ച്ചകള്‍ക്ക് കെപിസിസി തയ്യാറാകുന്നത്. ഈ മാസം അവസാനത്തോടെ പട്ടിക തയ്യാറാക്കാമെന്നു തീരുമാനിച്ചെങ്കിലും തീയതി പത്ത് ദിവസം കൂടി മാറ്റി വെക്കുകയായിരുന്നു.
Also Read:
പുതിയ ഭാരവാഹികളായി മൂന്ന് ഉപാധ്യക്ഷന്മാരെയും 15 ജനറൽ സെക്രട്ടറിമാരെയുമാണ് കോൺഗ്രസിന് കണ്ടെത്തേണ്ടത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പത്തിൽ താഴെ പേരുകള്‍ അടങ്ങിയ പട്ടിക നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേരും നോമിനേറ്റ് ചെയ്ത ഭാരവാഹികളിൽ വനിതാ നേതാക്കള്‍ ആരുമില്ല. ട്രഷററെ കെപിസിസി അധ്യക്ഷനായിരിക്കും തീരുമാനിക്കുക. അതേസമയം, പുതിയ നീക്കങ്ങളിൽ അസ്വസ്ഥരായ ഗ്രൂപ്പ് മനേജര്‍മാര്‍ക്ക് ഇടമൊരുക്കാനായി രാഷ്ട്രീയകാര്യ സമിതി നിലനിര്‍ത്തിയേക്കും. ഇതിനൊപ്പം സെമി കേഡർ പ്രവർത്തന ശൈലിയിലേയ്ക്കുള്ള മാറ്റവും താഴേത്തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടികളും കോൺഗ്രസിൽ മുന്നേറുന്നുണ്ട്.