കൊച്ചി/ചേർത്തല: മോൺസൻ മാവുങ്കലിന്റെ ചേർത്തലയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് റെയ്ഡ് നടത്തിയത്. ഇതിനിടെ മോൺസൻ മാവുങ്കിലിന്റെ കൊച്ചിയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത രണ്ട് ആന കൊമ്പുകളും വ്യജമാണെന്ന സംശയം ബലപ്പെട്ടു. ഇത് പരിശോധനക്കയച്ചിരിക്കുകയാണ്.
ഒട്ടകത്തിന്റെ എല്ല് പോളിഷ് ചെയ്താണ് ആനക്കൊമ്പിന്റെ രൂപമുണ്ടാക്കിയതെന്നാണ് മോൺസണിന്റെ മൊഴി. വനംവകുപ്പാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. വീടിനുള്ളിൽ ശംഖുകളും പിടിച്ചെടുത്തിട്ടുണ്ട്.കോടനാട് നിന്നെത്തിയ വനംവകുപ്പ് സംഘമാണ് ഇത് പിടിച്ചെടുത്തത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച് ഇവയുടെ പരിശോധന നടത്തും.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറുംഇന്ന് മോൺസന്റെ വീട്ടിൽ റെയ്ഡ് നടത്തി.വീട്ടിലുള്ള ആഡംബര കാറുകളെല്ലാം അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ഇവയെല്ലാം ഇങ്ങോട്ട് കൊണ്ടുവന്നതടക്കം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അന്വേഷിക്കുന്നുണ്ട്.