തൃശൂർ: പുരാവസ്തു തട്ടിപ്പിൽ ഉന്നത പോലീസ് മേധാവികളെ പ്രതിചേർക്കണമെന്ന് ബിജെപി വാക്താവ് ബി.ഗോപാലകൃഷ്ണൻ. മോൺസന്റെ മ്യൂസിയത്തിൽ പോയി ഇരുന്നും നിന്നും കിടന്നും ഫോട്ടോക്ക് പോസ് ചെയ്ത ഉന്നത പോലീസ് മേധാവികൾ ഗുരുതരമായ കൃത്യനിർവ്വഹണ ലംഘനമാണ് നടത്തിയിരിക്കുന്നത്. മോൺസന്റെ പുരാവസ്തു സാമഗ്രികൾ ഒറിജിനൽ ആണന്ന് മ്യൂസിയം കാണാൻ പോയപ്പോൾ ധാരണ ഉണ്ടായിരുന്നുവെങ്കിൽ മുൻ ഡിജിപിയും ഇന്നത്തെ എഡിജിപിയും നിയമപ്രകാരം ജില്ലാ കളക്ടറെ വിവരം അറിയിക്കുകയോ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ അറിയിക്കുകയോ വേണമായിരുന്നുവെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
പെർമിറ്റും ലൈസൻസും ഉണ്ടോ എന്ന് അന്വേഷിക്കണമായിരുന്നു. ഇതൊന്നും ചെയ്യാതെ ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിലിടുമ്പോൾ തട്ടിപ്പുക്കാരന് നിയമസാധുത ഉണ്ടാക്കാൻ കൂട്ടുനിന്നു എന്ന് ഉറപ്പാണ്. അഥവാ ഇത് ഒറിജനൽ അല്ല എന്ന് ഈ പോലീസ് സംഘത്തിന് തോന്നിയിരുന്നങ്കിൽ ഇവർ തട്ടിപ്പിന് കൂട്ട് നിന്നോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
രണ്ടായാലും ഈ പോലീസ് സംഘം മോൺസന്റെ സഹായികളായി ഗുരുതരമായ കൃത്യവിലോപം നടത്തിയിരിക്കുന്നു. ഇന്ത്യയിലെ നിലവിലുള്ള പുരാവസ്തു നിയമം അറിയാത്തവരാണ് ഉന്നത പോലീസ് സംഘം എന്ന് കരുതിക്കൂടാ. മാത്രമല്ല 2018 മുതൽ 2020 വരെ മോൺസനെതിരെ കിട്ടിയ എല്ലാ തെളിവുകളും പരവതാനിക്കടിയിൽ തള്ളാനാണ് ഈ പോലീസ് സംഘം ശ്രമിച്ചത്.
അതുകൊണ്ടുതന്നെ അഭ്യന്തര വകുപ്പ് ഈ തട്ടിപ്പുക്കാരനെ സഹായിയായി പ്രവർത്തിച്ചിരുന്നൊ എന്നും അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ വകുപ്പ് എന്തുകൊണ്ട് ഇത്രയും നാൾ മോൺസന് എതിരായ പരാതികളിൽ നടപടി എടുത്തില്ല എന്നതും പൊതുസമൂഹത്തിന് അറിയേണ്ടതുണ്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.