തിരുവനന്തപുരം > പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരെ അറിയില്ലെന്ന വാദം തിരുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പരാതിക്കാരനായ അനൂപിനെ ചികിത്സയ്ക്ക് പോയപ്പോള് കണ്ടിട്ടുണ്ടെന്ന് സുധാകരന് വാര്ത്താസമ്മേളനത്തില് വെളിപ്പെടുത്തി. ചാനലില് കണ്ടപ്പോഴാണ് മുഖം ഓര്മവന്നത്. അനൂപുമായി തനിക്ക് യാതൊരു ഇടപാടുമില്ല. തന്റെ മധ്യസ്ഥതയില്പണം കൈമാറിയിട്ടില്ലെന്നും സുധാകരന് പറഞ്ഞു. കേസില് അറസ്റ്റിലായ മോന്സണ് മാവുങ്കലിന് 25 ലക്ഷം രൂപ നല്കിയത് സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് അനൂപ് പരാതിയില് പറഞ്ഞിരുന്നു. ഇത് ശരിവെക്കുംവിധം സുധാകരനൊപ്പം മോന്സണും അനൂപും ഇരിക്കുന്ന ചിത്രവും കഴിഞ്ഞദിവസം പുറത്തുവന്നു. ഇതിനെ തുടര്ന്നാണ് സുധാകരന്റെ വിശദീകരണം.
മോന്സണിന്റെ വീട്ടില് പോയത് കണ്ണിന്റെ പ്രശ്നം കാണിക്കാനാണെന്നും സുധാകരന് പറഞ്ഞു. ത്വക്കിന് ചികിത്സ തേടിയാണ് പോയതെന്നായിരുന്നു നേരത്തേ സുധാകരന്റെ വാദം. ചികിത്സയ്ക്ക് പോയപ്പോഴാണ് അനൂപിനെ കണ്ടത്. മോന്സണിന്റെ വീട്ടില് താമസിച്ചിട്ടില്ല. മോന്സണുമായി യാതൊത സാമ്പത്തിക ഇടപാടില്ലെന്നും സുധാകരന് പറഞ്ഞു.
സംഭവത്തില് തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നാണ്, ബെന്നി ബെഹന്നാന്റെ ആരോപണത്തിന് മറുപടിയായി സുധാകരന് പ്രതികരിച്ചത്. ‘ബെന്നി ബെഹന്നാന്റെ ചോദ്യം ഒന്നും എന്റെയടുക്കല് വേണ്ട. പാര്ടിയുടെ ചട്ടക്കൂട് അദ്ദേഹത്തിനും ബാധകമാണ്.’- മാധ്യമപ്രവര്ത്തകരോട് സുധാകരന് പറഞ്ഞു. തന്റെ പേര് പറഞ്ഞ് മോന്സണ് തട്ടിപ്പ് നടത്തിയെങ്കില് നിയമനടപടി സ്വീകരിക്കും. കോണ്ഗ്രസിലെ പുന:സംഘടനയെ സിപിഐ എം ഭയപ്പെടുന്നതിനാല്, രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന് ശ്രമിക്കുകയാണെന്നും സുധാകരന് പറഞ്ഞു.