തിരുവനന്തപുരം
കോടികളുടെ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിന്റെ അടുത്ത ബന്ധങ്ങളിലെ പ്രമുഖർ മാധ്യമങ്ങൾക്ക് വെറും രാഷ്ട്രീയക്കാർ! മാവുങ്കലിന്റെ കലൂരിലെ വീട്ടിലെ നിത്യസന്ദർശകനും പണഇടപാടിലെ ഇടനിലക്കാരനുമായ കെപിസിസി അധ്യക്ഷൻ കെ സുധാകരനടക്കം കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നിരന്തര സന്ദർശനത്തിന്റെയും ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെയും ചികിത്സിച്ചതിന്റെയും തെളിവുകളാണിവ. എന്നാൽ, പൊതുസ്ഥലത്തുവച്ച് സാധാരണയെടുക്കാറുള്ള ചിത്രങ്ങൾവച്ച് മുഖ്യമന്ത്രിയെയും സിപിഐ എം നേതാക്കളെയും വേട്ടയാടിയ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ഇവരുടെ രാഷ്ട്രീയത്തെപ്പറ്റി മിണ്ടാട്ടമില്ല. സ്വർണക്കടത്ത്, മുട്ടിൽമരംമുറി കേസുകളിലും പൊലീസ് സ്റ്റേഷനിൽ ഊണുകഴിച്ചെന്ന പേരിലും പ്രചരിപ്പിച്ച ഫോട്ടോകൾക്കൊപ്പം നിരന്തരം നേതാക്കളുടെ പേരും പാർടിയെയും വലിച്ചിഴച്ച മാധ്യമങ്ങളും പ്രതിപക്ഷവുമാണ് ഇപ്പോൾ മൗനം പാലിക്കുന്നത്.
പിണറായി വിജയന്റെ ബംഗ്ലാവ്, മകൾ വീണയുടെ വിവാഹത്തിൽ സ്വർണത്തട്ടിപ്പ് കേസിലെ പ്രതി സ്വപ്ന പങ്കെടുത്തു തുടങ്ങി വ്യാജചിത്രങ്ങൾവച്ച് ബ്രേക്കിങ് ന്യൂസ് നൽകിയവർക്ക് ഇപ്പോൾ യഥാർഥ ചിത്രങ്ങളുണ്ടായിട്ടും ‘ഏതോ രാഷ്ട്രീയക്കാർ’! എന്നിട്ട്, മുനതിരിക്കാൻ ശ്രമിക്കുന്നത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ നേർക്കും. ഇതേ പൊലീസ് സംഘത്തിലുള്ളവരാണ് കൊടുംക്രിമിനലിനെ കുടുക്കാൻ ഒരാളുമറിയാതെ കെണിയൊരുക്കിയതെന്നതും പരമ്പരയാക്കുന്നില്ല.
ഇയാളുമായി ബന്ധമുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്ന കോൺഗ്രസ് നേതാക്കൾ മറ്റ് ഇടപാടിനൊന്നും കൂട്ടുനിന്നില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.
പ്രവാസി സംഘടന നേതാവായതിനാൽ ബന്ധമുണ്ടായെന്ന ന്യായീകരണവും. പാസ്പോർട്ട് പോലുമില്ലാത്ത ഒരാളുടെ സംഘടനയെ പ്രാഥമികാന്വേഷണംപോലുമില്ലാതെ ഇവർ ‘നിഷ്കളങ്കമായി’ വിശ്വസിച്ചുവത്രെ! വാർത്ത നൽകിയതിന്റെ പേരിൽ ഹൈബി ഈഡൻ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താനും മറന്നില്ല.