കോഴിക്കോട് > മുസ്ലിംലീഗ് ലിംഗനീതിയുടെ രാഷ്ട്രീയമല്ല മുന്നോട്ടുവെക്കുന്നതെന്ന് ഹരിത പ്രവർത്തകരെ ഓർമ്മിപ്പിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. സമുദായ രാഷ്ട്രീയമാണ് ലീഗ് ഉയർത്തിപ്പിടക്കുന്നതെന്ന് ഹരിത പ്രവർത്തകർ മറക്കരുതെന്നും നൂർബിന ഓർമ്മിപ്പിച്ചു. സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ച ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ടശേഷം ലീഗ് നേതൃത്വം രൂപം നൽകിയ ഹരിതയുടെ പുതിയ സംസ്ഥാനകമ്മിറ്റിയുടെ ആദ്യ പരിപാടിയിലായിരുന്നു ലീഗിനെ അനുസരിക്കാനുള്ള ഉപദേശം.
‘ലൈംഗിക ന്യൂനപക്ഷങ്ങൾക്കാണ് ലീഗ് എന്ന് ചിലർ പറയുന്നു. ലീഗിന്റെ ന്യൂനപക്ഷം മതന്യൂനപക്ഷമാണ്. നമ്മൾ ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്ലിം ആണെന്ന ബോധം മറക്കരുത്. സമുദായത്തെ മറന്ന് രാഷ്ട്രീയത്തിൽ പ്രവർത്തിക്കരുത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് മാതൃക’- ഹരിത പ്രവർത്തകരെ വനിതാലീഗ് നേതാവ് ഉപദേശിച്ചു. ഹരിത മുൻ ഭാരവാഹികളായ ഫാത്തിമ തഹ്ലിയയും നജ്മ തബ്ഷീറയും ഉന്നയിച്ച ലിംഗനീതി രാഷ്ട്രീയത്തെ തള്ളിയായിരുന്നു നൂർബിനയുടെ പ്രസംഗം.
ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന നിലപാട് ഇനി ഹരിതയിൽ നിന്നുണ്ടാകില്ലെന്ന് പുതിയ ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞു. പൊതുബോധത്തിന് വിപരീതമായി പാർടിയെടുത്ത തീരുമാനങ്ങൾ ശരിയെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും റുമൈസ പറഞ്ഞു.
എംഎസ്എഫ് നേതാക്കൾ പങ്കെടുത്തില്ല
ലീഗ് നേതൃത്വം രുപം നൽകിയ ഹരിത സംസ്ഥാനകമ്മിറ്റിയുട ആദ്യ പരിപാടിയിൽ നിന്ന് ഒരുവിഭാഗം എംഎസ്എഫ് നേതാക്കൾ വിട്ടുനിന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ അടക്കമുള്ള ചിലരാണ് പങ്കെടുക്കാതിരുന്നത്. പുതിയ ഹരിത സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തതിലും അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയക്കെതിരായ അച്ചടക്ക നടപടിയിലും പ്രതിഷേധിച്ചവരാണ് വിട്ടുനിന്നത്.