കൊച്ചി: മോൺസൺ മാവുങ്കലുമായിബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നത് അനാവശ്യവിവാദം സൃഷ്ടിക്കാൻ വേണ്ടിയാണെന്ന് എം.പിയും കോൺഗ്രസ് നേതാവുമായ ഹൈബി ഈഡൻ. മോൺസണിന്റെ ഫോൺരേഖകൾ പുറത്തുവിടണം. സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാവണമെന്നും ഹൈബി ഈഡൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മോൺസണിന്റെ വീട് സന്ദർശിച്ചിട്ടുണ്ട്. തന്റെ ചിത്രം കണ്ടിട്ടുണ്ട് എന്നാണ് പരാതിക്കാർ പറയുന്നത്. മോൺസണിന്റെ ടെലിഫോൺ വിശദാംശങ്ങൾ പരിശോധിക്കണം. മോൺസണ് വേണ്ടി താൻ ഇടപെട്ടു എന്ന് പരാതിയുള്ളവർ മുന്നോട്ടുവരണം എന്നാണ് തന്റെ അഭ്യർഥന.
ഇത്തരം ആരോപണങ്ങളിൽ പൊതുപ്രവർത്തകരുടെ പേര് വലിച്ചിഴക്കുമ്പോൾ അത് പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം. തട്ടിപ്പിന് ഇരയായ ആളുകൾ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുകയാണ്. ഇത്തരത്തിൽ തന്റെ പേര് വലിച്ചിഴക്കുന്ന പരാതിക്കാർക്കും മാധ്യമങ്ങൾക്കുമെതിരെ മാനനഷ്ടകേസ് നൽകും.
നാല് വർഷം മുൻപ് ഒരിക്കൽ വീട് സന്ദർശിച്ചു എന്നല്ലാതെ മോൺസണുമായി ഫോണിൽ ബന്ധപ്പെടുകയോ ഒരുമിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മോൺസണെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്ക് അറിയില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു.
Content Highlights: Hibi Eden on Monson Mavunkal controversy