കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ തട്ടിപ്പിനായി എച്ച്എസ്ബിസി ബാങ്കിന്റെ പേരിൽ തയ്യറാക്കിയ വ്യാജ രേഖകൾ പുറത്ത്. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട്അക്കൗണ്ടിൽ എത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ ആയിരുന്നു ഇത്.ലണ്ടനിൽ നിന്ന് കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ പണം വന്നുവെന്നായിരുന്നു വ്യാജ രേഖ.
കറണ്ട് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർചെയ്യുമ്പോൾ ഉണ്ടാകുന്നതിന് സമാനമായ രേഖയാണ് വ്യാജമായുണ്ടാക്കിയത്. ഈ രേഖ കാണിച്ചാണ് 10 കോടിയോളം രൂപ പരാതിക്കാരിൽ നിന്ന് വാങ്ങിയത്. ഇതിനുപുറമേ 40 കോടിയോളം രൂപയുടെ തട്ടിപ്പും മോൻസൺനടത്തി എന്നാണ് വിവരം. എന്നാൽ തട്ടിപ്പിന് ഇരായായ പലരും പരാതി പുറത്തുപറയാൻ തയ്യാറായിട്ടില്ല.
സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം മോൻസൺ വ്യാജമായി നിർമിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി വ്യാജ രേഖകൾ മോൻസണിന്റെ വീട് റെയ്ഡ് ചെയ്ത് പിടികൂടിയിട്ടുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച് വരുകയാണ്.
വയനാട്ടിൽ കാപ്പിത്തോട്ടം പാട്ടത്തിനെടുത്ത് നൽകാമെന്ന പേരിൽ 1.62 കോടി തട്ടിയ കേസിലും ക്രൈംബ്രാഞ്ച് മോൻസണിന്റെ അറസ്റ്റ് രേഖപ്പടുത്തി. മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയിൽ നിന്നാണ് പണം വാങ്ങിയത്.
ഇതിനിടെ മോൻസണിന്റെ കലൂരിലേയും ചേർത്തലയിലേയും വീട്ടിൽ പോലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് സംസ്ഥാന പോലീസിലെ ഉന്നതർ ഇടപെട്ടാണെന്ന നിർണായക വിവരവും പുറത്തുവരുന്നുണ്ട്. 2019 ജൂണിൽ സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസണിന്റെ രണ്ട് വീടുകളിലും ബീറ്റ് ബോക്സ് സ്ഥാപിച്ചതെന്നാണ് വിവരം.
content highlights: monson mavunkals fake documents out