കൊച്ചി
ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം സ്ഥാപിക്കാനെന്ന് വിശ്വസിപ്പിച്ചാണ് മോൻസൺ മാവുങ്കൽ 10 കോടി രൂപ തട്ടിയെടുത്തതെന്ന് പരാതിക്കാർ. ഖത്തറിലെ മ്യൂസിയത്തിലേക്ക് വസ്തുക്കൾ വാങ്ങുന്നതിന് 15,000 കോടിയുടെ പുതിയ തട്ടിപ്പിന് പദ്ധതിയിട്ടുവെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.
വിവിധഘട്ടങ്ങളിലായി 2017 മുതൽ 2020 വരെയുള്ള കാലത്താണ് 10 കോടി നൽകിയത്. മ്യൂസിയം നിർമിക്കാൻ ആദ്യം ഒന്നരക്കോടി ആവശ്യപ്പെട്ടു.
പല കാരണങ്ങൾ പറഞ്ഞ് 10 കോടിയിലെത്തിച്ചു. മ്യൂസിയത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് പരാതിക്കാരനായ എം ടി ഷമീറിൽനിന്ന് പണം വാങ്ങിയത്. യാക്കൂബ് പുറായിലിന് 25 കോടി രൂപ ദീർഘകാലത്തേക്ക് പലിശരഹിത വായ്പയായി അനുവദിക്കാമെന്നും പറഞ്ഞു.
മറ്റൊരു പരാതിക്കാരനായ അനൂപ് വി അഹമ്മദിനെ മോൻസണിന്റെ കലിംഗ കല്യാൺ കമ്പനിയുടെ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ചു. 25 വർഷമായി ഡയമണ്ട് വ്യാപാരം നടത്തുകയാണെന്നാണ് അനൂപിനോട് പറഞ്ഞത്. ഷാനി, അനൂപ് എന്നിവർ ചേർന്ന് ആറുകോടി രൂപ നൽകി. മ്യൂസിയം ‘സ്ഥാപിക്കുന്നതിന് മുന്നോടിയായി’ മോൻസണിന്റെ കലൂരിലെ വീട്ടിലെ വസ്തുക്കൾ കാണിച്ചു. തൃശൂർ ഡിഐജിയായിരുന്ന സുരേന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യക്കുമൊപ്പമുള്ള ചിത്രങ്ങളും കാണിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ എന്ന സംഘടനയെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ ബന്ധമുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. 25 ലക്ഷം രൂപ ഡിഐജി സുരേന്ദ്രന്റെ വീട്ടിൽവച്ചാണ് യാക്കൂബ് പുറായിൽ മോൻസണിന് കൈമാറിയതെന്നും പരാതിയിലുണ്ട്.
തൃശൂർ സ്വദേശിയുമായി ചേർന്നാണ് ഖത്തറിൽ പുരാവസ്തു മ്യൂസിയത്തിലേക്ക് 15,000 കോടിയുടെ 93 വസ്തുക്കൾ വാങ്ങാൻ പദ്ധതിയിട്ടത്.
ഖത്തറിലെ രാജകുടുംബത്തിന്റെ പേരും ദുർവിനിയോഗം ചെയ്താണ് പുതിയ തട്ടിപ്പിനൊരുങ്ങിയത്.
മോൻസണിന്റേത് സിനിമയിലെ “പുരാവസ്തു’
മോൻസൺ മാവുങ്കലിന്റെ പുരാവസ്തുക്കളിൽ 70 ശതമാനവും സിനിമാ സെറ്റുകളിൽ ചിത്രീകരണത്തിന് ഉപയോഗിക്കുന്നവയാണെന്ന് ക്രൈംബ്രാഞ്ച്. എറണാകുളം സ്വദേശിയിൽനിന്നാണ് ഇവ തുച്ഛമായ വിലയ്ക്ക് വാങ്ങിയത്.
പുരാവസ്തു കൈവശംവയ്ക്കുന്നതിന് സർട്ടിഫിക്കറ്റും ഇവ വൻതോതിൽ വാങ്ങാനും വിൽക്കാനും ലൈസൻസും ആവശ്യമാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് (എഎസ്ഐ) സർട്ടിഫിക്കറ്റും ലൈസൻസും നൽകേണ്ടത്. പുരാവസ്തുക്കളെന്ന് മോൻസൺ അവകാശപ്പെട്ട സാധനങ്ങൾ വ്യാജമായിരുന്നതിനാൽ സർട്ടിഫിക്കറ്റിന് ശ്രമിച്ചില്ലെന്നും ഇയാൾ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ആന്റിക് ഷോപ്പിൽനിന്ന് വാങ്ങിയ നടരാജവിഗ്രഹവും നന്ദി ശിൽപ്പവുമാണ് ഇയാളുടെ സ്വകാര്യ മ്യൂസിയത്തിലുള്ളത്. മട്ടാഞ്ചേരിയിലെ ആന്റിക് ഷോപ്പുകളിൽനിന്ന് വാങ്ങിയ പുരാവസ്തുക്കളും ശേഖരത്തിലുണ്ട്.
1972ലെ ദ ആന്റിക്യുറ്റീസ് ആൻഡ് ആർട് ട്രഷേഴ്സ് ആക്റ്റ് അനുസരിച്ച് പുരാവസ്തുക്കൾ കൈവശംവയ്ക്കാൻ എഎസ്ഐയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. ഇത് ഉപയോഗിച്ച് ഇന്ത്യയിൽവച്ച് കൈമാറ്റം നടത്താം. കൈമാറുമ്പോൾ വാങ്ങുന്നയാളുടെ പേരിലേക്ക് സർട്ടിഫിക്കറ്റ് മാറ്റണം. ഈ പുരാവസ്തു ഇന്ത്യക്ക് വെളിയിലേക്ക് കൈമാറാൻ പാടില്ലെന്നും നിയമം പറയുന്നു.
നിലവിൽ എഎസ്ഐയുടെ മട്ടാഞ്ചേരി ഡച്ച് കൊട്ടാരത്തിൽനിന്നാണ് കേരളത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നത്. പുരാവസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് എഎസ്ഐയുടെ തൃശൂർ പുല്ലഴിയിലെ ഓഫീസിൽനിന്നും. മോൻസൺ കൈവശംവച്ചിരിക്കുന്ന പുരാവസ്തുക്കളുടെ ആധികാരികത തെളിയിക്കാൻ ക്രൈംബ്രാഞ്ച് സംസ്ഥാന പുരാവസ്തുവകുപ്പിനെയോ എഎസ്ഐയെയോ സമീപിച്ചേക്കും.
മോൻസണിന്റെ വീട്ടിൽ നായയെ വളർത്തിയിരുന്ന എസി കാർ
നോട്ടെണ്ണുന്ന യന്ത്രം; എസി കാർ പട്ടിക്കൂട്
മോൻസൺ സഞ്ചരിച്ചിരുന്നത് ഒരുകോടിയിലധികം രൂപ വിലവരുന്ന വിദേശ കാറിൽ. കാറിനുള്ളിൽ നോട്ടെണ്ണുന്ന യന്ത്രം സൂക്ഷിച്ചിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വിദേശ എംബസിയുടെ ലോഗോ കാറിൽ പതിപ്പിച്ചിരുന്നു. കംപ്യൂട്ടർ, ലാപ്ടോപ് എന്നിവ കാറുമായി ഘടിപ്പിച്ചിരുന്നു. പുരാവസ്തുക്കളുമായി ബന്ധപ്പെട്ട കച്ചവടത്തിന് പോകുമ്പോൾ ഉപയോഗിച്ചിരുന്നത് ഈ കാറായിരുന്നു.നായയെ വളർത്തിയത് മറ്റൊരു എസി കാറിനുള്ളിൽ. കലൂർ വൈലോപ്പിള്ളി ലെയ്നിൽ വാടകവീടിന്റെ വളപ്പിലെ കാറിലാണ് സെന്റ് ബെർണാർഡ് ഇനത്തിൽപ്പെട്ട നായയെ താമസിപ്പിച്ചിരുന്നത്. 50,000 രൂപവരെ വിലവരുന്ന ഇനമാണിത്. കാറിനുള്ളിൽ കൂട് ഒരുക്കിയിരുന്നു. വിദേശ ഇനത്തിൽപ്പെട്ട വിലകൂടിയ മറ്റ് നായകളേയും സുരക്ഷയ്ക്കായി വീട്ടിൽ വളർത്തിയിരുന്നു.
ജീവകാരുണ്യവും മതവും മേലങ്കി
പുരാവസ്തു തട്ടിപ്പിന്റെ വിജയത്തിന് മോൻസൺ മതത്തിന്റെയും ജീവകാരുണ്യത്തിന്റെയും മേലങ്കിയണിഞ്ഞു. ലോകത്തിൽ ആദ്യം അച്ചടിച്ച രാമായണം, ബൈബിൾ, ഖുറാൻ എന്നിവ പ്രാർഥനാ മുറിയിൽ വച്ചിട്ടുണ്ട് എന്നാണ് ഇയാൾ പറയുക. മോശയുടെ വടിയും ശ്രീനാരായണ ഗുരുവിന്റെ ഊന്നുവടിയും സദ്ദാം ഹുസൈൻ ഉപയോഗിച്ച ഖുറാനുമൊക്കെ വ്യാജമായി ഉണ്ടാക്കിയ മോൻസൺ കച്ചവട വിജയത്തിന് സർവമത സമഭാവനയുടെ ദൂതനുമായി. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ചാവറയച്ചനെയും വലിച്ചിഴച്ചു.
“വിശുദ്ധ ചാവറപ്പിതാവാണ് നാനാത്വത്തിലെ മാനവികതയുടെ ഏകത്വം എന്ന ദർശനം തന്നത്. എല്ലാവരേയും സഹോദരങ്ങളായി സ്നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനമാണല്ലോ അത്’.- ദീപികയുടെ ഞായറാഴ്ചപ്പതിപ്പിൽ സിഎംഐ വൈദികനായ ഫാ. റോയി കണ്ണൻചിറയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. 2020 ജൂലൈ 19നാണ് “അത്ഭുതങ്ങളുടെ സൂക്ഷിപ്പുകാരൻ’ എന്ന തലക്കെട്ടിൽ അഭിമുഖം പ്രസിദ്ധീകരിച്ചത്. ദൈവാനുഗ്രഹത്തിൽ വിശ്വസിച്ചു കൊണ്ടുള്ള കഠിനാധ്വാനമാണ് ഈ നിലയിൽ എത്തിച്ചതെന്നും മരിയഭക്തനായ തന്റെ പോക്കറ്റിൽ ജപമാല എപ്പോഴും ഉണ്ടാകുമെന്നും പറഞ്ഞാണ് അഭിമുഖം അവസാനിപ്പിക്കുന്നത്.
കുടുക്കിയത് പഴുതടച്ച അന്വേഷണം
മോൻസൺ മാവുങ്കലിനെ കുടുക്കിയത് കേരള പൊലീസിന്റെ സമർഥമായ അന്വേഷണം. ഇന്റലിജൻസ് അന്വേഷണവും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പഴുതടച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണവുമാണ് നടന്നത്. ഇന്റലിജൻസ് അന്വേഷണത്തിൽ കോടികളുടെ സാമ്പത്തിക ഉറവിടം കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി കത്തും നൽകിയിരുന്നു. പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും കൊച്ചിയിൽ യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മോൻസണിന്റെ പുരാവസ്തുശേഖരം സന്ദർശിച്ചു. സംശയം തോന്നിയതിനാൽ ഇന്റലിജൻസ് അന്വേഷണം നടത്തി. അന്വേഷണത്തിൽ മോൻസണിന്റെ ഇടപാടുകൾ ദുരൂഹമെന്ന് കണ്ടെത്തി. സാമ്പത്തിക ഉറവിടത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് 2020 ജനുവരിയിൽ ലോക്നാഥ് ബെഹ്റ കത്ത് നൽകി. ഇഡി ഈ റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ചതായി വിവരവുമില്ല.
ഇതിനു പിന്നാലെയാണ് തട്ടിപ്പിനിരയായ ആറ് യുവാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. വിശദമായ അന്വേഷണത്തിന് പരാതി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് കൈമാറി. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് എസ്പി സോജന് കൈമാറിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി കുരുങ്ങുകയായിരുന്നു. സുരക്ഷയ്ക്കായി മോൻസൺ തണ്ടർ ഗ്രൂപ്പ് എന്ന പേരിൽ സ്വകാര്യ അംഗരക്ഷകരെ ഉപയോഗിച്ചിരുന്നു.
ഐജി ലക്ഷ്മണയ്ക്ക് നോട്ടീസ്
മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധമുള്ളതായി ആരോപണമുള്ള ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി ഐജി ലക്ഷ്മണയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. അന്വേഷണത്തിൽ അനധികൃതമായി ഇടപെട്ടതായും രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നും ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം കഴിഞ്ഞ 16ന് നൽകിയ നോട്ടീസിൽ വ്യക്തമാക്കി.
മോൻസണിനെതിരായ രണ്ട് കേസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇത് റദ്ദാക്കാൻ ഐജി ലക്ഷ്മണ പൊലീസ് ആസ്ഥാനം പബ്ലിക് ഗ്രീവൻസ് എഐജിക്ക് നിർദേശം നൽകി. അദ്ദേഹത്തിന്റെ അധികാരപരിധിയിൽപ്പെടാത്ത വിഷയത്തിലാണ് ഇടപെട്ടതെന്ന് നോട്ടീസിലുണ്ട്.