തിരുവനന്തപുരം
റോഡിൽ നടക്കാനും ഫീസ് നൽകേണ്ട സാഹചര്യത്തിലേക്കാണ് ബിജെപി സർക്കാർ രാജ്യത്തെ നയിക്കുന്നതെന്ന് കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ ആസ്തികൾ കോർപറേറ്റുകളെ ഏൽപ്പിക്കാനുള്ള അപകടകരമായ പദ്ധതിയാണ് ഒടുവിൽ പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങൾ പലതും നടപ്പാക്കി പരാജയപ്പെട്ട് തിരുത്താൻ ശ്രമിക്കുന്ന പദ്ധതിയാണ് ഇത്. ഇത്ര ജനവിരുദ്ധമായ നടപടി സ്വീകരിച്ച ഒരു സർക്കാർ രാജ്യത്ത് ഉണ്ടായിട്ടില്ല. കാർഷികമേഖല അത്യഗാധ പ്രതിസന്ധിയിലാണ്. സർക്കാർ നയസമീപനങ്ങളുടെ ഫലമായി ഉൽപ്പാദനച്ചെലവ് വർധിക്കുകയും ഉൽപ്പന്നവില ഇടിയുകയും ചെയ്യുന്നു.
കേന്ദ്രത്തിന്റെ എല്ലാ നടപടിയും കോർപറേറ്റുകളെ സഹായിക്കുന്നതാണ്. കോർപറേറ്റുകൾക്ക് തോന്നുംപടി ചൂഷണം ചെയ്യാൻ ജനങ്ങളെ വിട്ടുകൊടുക്കുന്നു. ഇത്ര നീണ്ടുനിൽക്കുന്ന കർഷകസമരം ലോകത്തുതന്നെ അപൂർവമാണ്. ജനങ്ങളെയും ജനകീയപ്രശ്നങ്ങളെയും വിസ്മരിക്കുന്ന നയം തിരുത്തിക്കുംവിധം രാജ്യത്താകെ പ്രതിഷേധം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത കർഷക സമിതി ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി.