കൊച്ചി
പണം നൽകി വാക്സിൻ എടുക്കുന്നവർക്ക് രണ്ടാംഡോസ് 28 ദിവസം കഴിഞ്ഞ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും സ്റ്റേ ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇടപെട്ടില്ല. കിറ്റെക്സ് കമ്പനിയുടെ ഹർജിയിൽ വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ചതിനെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഹർജി വിശദമായ വാദത്തിന് വ്യാഴാഴ്ചത്തേക്ക് മാറ്റി. രണ്ടാംഡോസ് വാക്സിൻ നൽകിയ ജീവനക്കാരുടെ എണ്ണം അറിയിക്കാൻ കിറ്റെക്സിന് കോടതി നിർദേശം നൽകി.
ഫലപ്രാപ്തി കണക്കിലെടുത്താണ് രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസത്തെ ഇടവേള ഏർപ്പെടുത്തിയതെന്നും വാക്സിൻനയത്തിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി.
കിറ്റെക്സ് ജീവനക്കാർ ആദ്യഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞെന്നും വാക്സിനേഷൻ നടത്താൻ കിറ്റെക്സിന് തടസ്സമില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ചില വിഭാഗങ്ങൾക്ക് ഇടവേള നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്സിൻ ഇടവേള 28 ദിവസമായി കുറച്ച് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.