അബുദാബി
ഒരിക്കൽക്കൂടി സഞ്ജു സാംസന്റെ പോരാട്ടം പാഴായി. 57 പന്തിൽ 82 റണ്ണടിച്ച് സഞ്ജു പൊരുതിയെങ്കിലും ഐപിഎലിൽ വീണ്ടും രാജസ്ഥാൻ റോയൽസ് തോറ്റു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സൺറൈസേഴ്സ് ഹെെദരാബാദിനോട് ഏഴ് വിക്കറ്റിനാണ് തോൽവി.
ഹെെദരാബാദിനെതിരെ 165 റണ്ണാണ് രാജസ്ഥാൻ ലക്ഷ്യംവച്ചത്. ഹെെദരാബാദ് 18.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയംനേടി. രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്ണെടുത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് എവിൻ ലൂയിസിനെ (4 പന്തിൽ 6) വേഗം നഷ്ടമായെങ്കിലും യശസ്വി ജയ്സ്വാളിനൊപ്പം ചേർന്ന് സഞ്ജു രാജസ്ഥാനെ ഉയർത്തി. ജയ്സ്വാൾ 23 പന്തിൽ 36 റണ്ണെടുത്ത് മടങ്ങി. ലിയാം ലിവിങ്സ്റ്റണും (6 പന്തിൽ 4) പിടിച്ചുനിന്നില്ല. ക്യാപ്റ്റന്റെ ഇന്നിങ്സായിരുന്നു പിന്നെ കണ്ടത്. പക്വതയോടെ ബാറ്റ് വീശിയ സഞ്ജു അവസാന ഓവറുകളിൽ തകർത്തുകളിച്ചു. മൂന്ന് സിക്സറും ഏഴ് ഫോറും പായിച്ചു. സിദ്ധാർഥ് കൗളിന്റെ ഒരു ഓവറിൽ 20 റണ്ണാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ പുറത്തായി.
ഇരുപത്തെട്ടു പന്തിൽ 29 റണ്ണെടുത്ത മഹിപാൽ ലോംറർ പിന്തുണ നൽകിയെങ്കിലും വലിയ സ്കോർ നേടാൻ മറ്റു താരങ്ങൾക്ക് കഴിഞ്ഞില്ല. ഐപിഎല്ലിൽ 15–ാം അരസെഞ്ചുറിയായിരുന്നു സഞ്ജുവിന്. ഈ സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമതുമെത്തി. 10 കളിയിൽ 433 റണ്ണാണ് ഈ സീസണിൽ നേടിയത്. 54.12 ബാറ്റിങ് ശരാശരി. 141.96 പ്രഹരശേഷി. ഒരു സെഞ്ചുറിയും രണ്ട് അരസെഞ്ചുറിയും സ്വന്തമാക്കി.
മറുപടിക്കെത്തിയ ഹെെദരാബാദിന് ജാസൺ റോയ് (42 പന്തിൽ 60) മികച്ച തുടക്കം നൽകി. ഡേവിഡ് വാർണർക്ക് പകരമാണ് റോയ് ടീമിൽ ഇടംപിടിച്ചത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 41 പന്തിൽ പുറത്താകാതെ 51 റണ്ണെടുത്തു. 16 പന്തിൽ 21 റണ്ണുമായി അഭിഷേക് ശർമ വില്യംസണ് പിന്തുണ നൽകി. ഹെെദരാബാദിന്റെ സീസണിലെ രണ്ടാംജയമാണിത്.