അതേസമയം താരിഖ് അൻവറുമായി ചർച്ച നടത്തിയ ശേഷവും നിലപാടിൽ മാറ്റം വരുത്താതെ വി എം സുധീരൻ. രാജി പിൻവലിക്കില്ലെന്ന് സുധീരൻ വ്യക്തമാക്കി. പുതിയ കെപിസിസി നേതൃത്വത്തിന് തെറ്റായ ശൈലിയാണെന്നും സുധീരൻ പറഞ്ഞു.
പുതിയ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കണ്ടതെന്ന് സുധീരൻ പറയുന്നു. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങൾ മുന്നോട്ടുപോയില്ല. തെറ്റായ ശൈലിയും പ്രവണതകളും പ്രകടമായി. ഇതൊന്നും കോൺഗ്രസിന്റെ സംസ്കാരത്തിന് ചേർന്നതല്ല. ഇതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് സുധീരൻ പറഞ്ഞു. കത്ത് നൽകിയെങ്കിലും നേതൃത്വം പ്രതികരിച്ചില്ല. തെറ്റായ ശൈലി പാർട്ടിക്ക് ദോഷകരമായി വരുമെന്നും താരിഖ് അൻവറിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. തന്റെ മനസിലുള്ള കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും സുധീരൻ വ്യക്തമാക്കി.
ഈ രീതിയിൽ മുന്നോട്ടു പോയാൽ കനത്ത തിരിച്ചടി കോൺഗ്രസ് നേരിടുമെന്ന് സുധീരൻ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നടപടികൾ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനങ്ങളും നടപടികളും എങ്ങനെ വരുമെന്ന് കാത്തിരിക്കുകയാണ്. കോൺഗ്രസിനെ ശരിയായ ദിശയിൽ മുന്നോട്ടു കൊണ്ടുപോകണമെന്നും സുധീരൻ പറഞ്ഞു. തന്റെ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ചതിന് പിന്നാലെയാണ് എഐസിസി അംഗത്വം സുധീരൻ ഉപേക്ഷിച്ചത്. രാജി വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടാത്തതിൽ സുധീരൻ പല തവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡ് ഇടപെടൽ നടത്താതെ വന്നതോടെയാണ് രാജിയിലേക്ക് നീങ്ങിയതെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.