ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് വന്ന് അഞ്ച് ലക്ഷം കോടിയിലധികം രൂപയുടെ അസറ്റ് വാല്യു ചെയ്ത സർട്ടിഫിക്കറ്റാണ് മോൻസൺ കാണിച്ചത്. ഇതൊക്കെ റിലീസായിക്കിട്ടിയാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരൻ താനാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞ് വിശ്വസിപ്പിച്ചത്പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെക്കുറിച്ച് പറ്റിക്കപ്പെട്ട യാക്കൂബിന്റെ വാക്കുകളാണ്.
തട്ടിപ്പിന് പിന്നിൽ ഇപ്പോൾ രാഷ്ട്രീയ ബന്ധങ്ങളും കൂടി പുറത്തു വരികയാണ്. തട്ടിപ്പുകാരൻ മോൻസൺമാവുങ്കലുമായി അടുത്ത് നിൽക്കുന്ന മന്ത്രിമാർ പോലീസ് ഉദ്യോഗസ്ഥർ പ്രമുഖ രാഷ്ട്രീയ പ്രവർത്തകർ അടക്കമുള്ളവരുടെ ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്.
മോൻസൺ മാവുങ്കൽ, പരാതിക്കാരനായ യാക്കൂബ്
വൻ നുണക്കോട്ടകളായിരുന്നു മോൻസൺമാവുങ്കൽ തട്ടിവിട്ടിരുന്നത്. ഈ നുണകൾ വിശ്വസിച്ചവരുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്. വിവിധ ഉന്നതരുമായുള്ള ബന്ധങ്ങൾ മറയാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. നുണകളൊക്കെ വിശ്വസിക്കുന്ന തരത്തിൽ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതൊക്കെ ഉള്ളത് കൊണ്ട് തന്നെ ഇയാളെ പറ്റിക്കപ്പെട്ടവർ വിശ്വസിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാകാനായി വൈകാതെ തന്നെ താൻ മാറുമെന്നായിരുന്നു മോൻസൺപറഞ്ഞ് ഫലിപ്പിച്ചത്. തന്റെ പക്കലുള്ള, രാജ കിരീടങ്ങൾ, യേശുവിന്റെ തിരുശേഷിപ്പുകൾ, മോശയുടെ വടി, ഒറ്റിക്കൊടുത്ത വെള്ളിക്കാശ്, സ്വർണ്ണത്തിലുള്ളതും മറ്റുമായ മത ഗ്രന്ഥങ്ങൾ തുടങ്ങിയ പുരാവസ്തുക്കളുടെ നീണ്ട നിരകൾ ചൂണ്ടിക്കാട്ടി ആയിരുന്നു തട്ടിപ്പ്.ഇവയുടെ അസറ്റ് വാല്യ ചെയ്തതിന്റെ രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു. അഞ്ച് ലക്ഷം കോടിയിലധികം രൂപയുടെ അസറ്റ് വാല്യു ചെയ്ത ആർക്കിയോളജിക്കൽ ഡിപാർട്മെന്റ് രേഖയാണ് മോൻസൺകാണിച്ചത്. ഇതൊക്കെ റിലീസ് ആയിക്കഴിഞ്ഞാൽ ഏറ്റവും വലിയ പണക്കാരൻ താൻ ആകുമെന്നായിരുന്നു ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചത്.
ഡൽഹിയിൽ ഹെലികോപ്റ്ററുകൾ വാങ്ങിയിട്ടുണ്ട്. സെലിബ്രിറ്റികളോട് വൻ കഥകളാണ് ഇയാൾപറഞ്ഞു പരത്തിയിരുന്നത്. ഇതൊക്കെ പറഞ്ഞ് വിശ്വസിക്കാനുള്ളവല്ലാത്തൊരു കഴിവായിരുന്നു മോൺസന്. ഇടയ്ക്കിടെ സൂം മീറ്റിങ്ങുകൾ വിളിച്ച് വലിയ തോതിലുള്ള കാര്യങ്ങൾ ഒക്കെ ഇയാൾ പറഞ്ഞു വിശ്വസിപ്പിക്കും. ഉന്നത ബന്ധങ്ങളും മറ്റും മുൻ നിർത്തിയാണ് ഇത്തരത്തിൽ ഇയാൾ പറഞ്ഞു ഫലിപ്പിച്ചിരുന്നത്. അത് കൊണ്ട് തന്നെ ഇയാളെ അവിശ്വസിക്കേണ്ടി വന്നിട്ടില്ലെന്ന് പരാതിക്കാരൻ യാക്കൂബ് പറയുന്നു.
ആദ്യം മോൻസിന്റെ വലയിൽ കുടുങ്ങുന്നത് പരാതിക്കാരനും സുഹൃത്തുമായ അനുപാണെന്ന് യാക്കൂബ്. ഇയാളുടെ കമ്പനിയിൽ ഡയറക്ടറായിട്ട് ഉണ്ടായിരുന്ന ആളാണ് അനൂപ്. മോൻസിനെ കുറിച്ച് കേട്ടറിഞ്ഞപ്പോൾ കാണാൻ പോവുകയായിരുന്നു. കാണാൻ പോയപ്പോ പെട്ടു പോയതാണെന്നും യാക്കൂബ് മാതൃഭൂമി ന്യൂസ് പ്രൈംടൈം ചർച്ചയ്ക്കിടെ വെളിപ്പെടുത്തി.
നൂറോളം രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നായിരുന്നു മോൻസൺ പറഞ്ഞിരുന്നത്. ഇതുവരെ കേറിച്ചെല്ലാത്ത ഒരു കൊട്ടാരങ്ങളുമില്ല, കറങ്ങാത്ത ഒരു രാജ്യവുമില്ല. ഓരോ ദിവസവും ഓരോ നുണക്കഥകളായിരുന്നു മോൻസൺ പറഞ്ഞിരുന്നത്. കൈയിലുള്ള എല്ലാ പുരാവസ്തുക്കളും അവര് പറയുന്ന വില കൊടുത്താണ് വീട്ടിൽ എത്തിക്കുന്നത്. വാഹനത്തിൽ കോടിക്കണക്കിന് രൂപയുമായാണ് ഇയാൾ സഞ്ചരിക്കുന്നത്. നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ് അയാളുടെബുദ്ധി എന്നും യാക്കൂബ് പറയുന്നു.
മോൻസൺ മാവുങ്കൽ/ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം
കെ സുധാകരനും മോൻസണും
കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായ അടുത്ത ബന്ധമാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. സുധാകരൻ ഇയാളുടെ വീട്ടിൽ വന്നാൽ താഴെയായിട്ട് ഇരിക്കും. ഈ സമയത്ത് മറ്റുള്ളവരെ വീടിന്റെ മുകളിലേക്ക് കൊണ്ടു പോകും. എന്നിട്ട് സുധാകരൻ പണം കൊണ്ടു പോകാനാണ് വന്നതെന്ന് പറയും. എന്നാൽ ഇക്കാര്യം സുധാകരനോട് ചോദിക്കാൻ പറ്റില്ലില്ലാല്ലോ യാക്കൂബ് പറഞ്ഞു. ട്രീറ്റ്മെന്റ് ചെയ്യാൻ വേണ്ടിയിട്ടാണ് സുധാകരൻ ഇവിടെ വന്നിരുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോ തന്നെ മോൻസൺ സുധാകരനെ വിളിക്കും. ഇതൊക്കെ കണ്ടതോടെ വിശ്വസിക്കുകയായിരുന്നുവെന്ന് യാക്കൂബ് പറയുന്നു.
യൂട്യൂബിലും ഗൂഗിളിലും തപ്പിയപ്പോ ഉന്നത ബന്ധം
വീട്ടിലെ വൻ തോതിലുള്ള പുരാവസ്തു ശേഖരങ്ങളാണ് ഞങ്ങളെ കാണിച്ചത്. ഉന്നതമായ ബന്ധങ്ങളും പല സ്ഥാപനങ്ങളും പ്രവാസി സംഘടനകളിലെ സ്ഥാനങ്ങളും ഒക്കെ അദ്ദേഹത്തിനുള്ളത് കൊണ്ട് അവിശ്വസിക്കേണ്ടി വന്നില്ല. ഗൂഗിളിലും യൂട്യൂബിലും അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വൻ ബന്ധങ്ങളാണ് മനസ്സിലായത്. ഇയാളുടെ ഫെയ്സ്ബുക്കിലും ഇത്തരത്തിൽ ഉന്നതമായ ബന്ധങ്ങളെക്കുറിച്ചുള്ള ഫോട്ടോകളുണ്ട്. ഓരോ ഘട്ടത്തിലും വിവിധ ബാങ്കുകളുടെ രേഖകളും കോടതി വിധി പകർപ്പുകളും ഒക്കെ കാണിക്കുകയായിരുന്നു. ഇതോടെയാണ് പണം കൊടുത്തത്. മാത്രമല്ല ഇടനിലക്കാരായി ഓരോരുത്തരെയും ഇരുത്തിക്കൊണ്ടായിരുന്നു പണം കൈമാറിയിരുന്നതെന്ന് പരാതിക്കാരൻ ഷെമീർ പറയുന്നു.