തിരുവനന്തപുരം> നിയമസഭ അംഗങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്ത്തകന് വിനു വി ജോണ്‍ നടത്തിയ ഖേദ പ്രകടനത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. വിനു വി ജോണിന്റെ ഖേദപ്രകടന വീഡിയോ പങ്കുവെച്ച ശിവന് കുട്ടി ‘ വൈകി വന്ന വിവേകം’ എന്നും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് വിനു വി ജോണ്‍ ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.ഇത് ചൂണ്ടിക്കാട്ടി ദേശാഭിമാനി ബ്യൂറോ ചീഫ് കെ ശ്രീകണ്ഠന് അയച്ച സന്ദേശം ചര്‍ച്ചയില്‍ വായിക്കുകയും ‘ഭീഷണി’പ്പെടുത്തിയെന്ന് വിലപിക്കുകയുമായിരുന്നു. സൗഹൃദത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങളെ ദുരുപയോഗിക്കുകയായിരുന്നു ഏഷ്യാനെറ്റ് അവതാരകന്. യുഡിഎഫിനും സംഘപരിവാറിനും വേണ്ടി തെറിയഭിഷേകം നടത്തിവരുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്കടക്കം വീഡിയോ കൈമാറി.തുടര്‍ന്നാണിപ്പോള്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്
വിനു വി ജോണ്‍ പറഞ്ഞത്: ”നിയമസഭാ അംഗങ്ങളെക്കുറിച്ച് നടത്തിയ ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് എനിക്ക് ഗുരുതുല്യനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ശ്രീ ബിആര്‍പി ഭാസ്ക്കര്‍ എന്നോട് പറഞ്ഞു. ആ ചര്‍ച്ചയിലെ ആശയങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കിക്കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലും ഇതേ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ചില ജനപ്രതിനിധികളും എന്റെ അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഞാന്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് നിയമസഭാ അംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ശിവന്‍കുട്ടിയുടെ പ്രതികരണം: ”ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാല്‍ ഉഴുതു മറിച്ച ഇടമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നിനേയും മാനിക്കുന്നില്ലെങ്കില്‍ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ട.”
”ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേള്‍ക്കുന്നുമുണ്ട്. ബാര്‍ക്കിന്റെ ഏതാനും മീറ്ററില്‍ ഏതാനും പേര് കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവര്‍ക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാന്‍ നിങ്ങള്ക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പൊതുമണ്ഡലത്തില്‍ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേല്‍ കരിവാരി തേക്കുന്ന ഏര്‍പ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ ഫോണില്‍ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം, കോട്ടിട്ട ചില സാറന്മാര് വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാനാവില്ല. അത് കാലം തെളിയിച്ചതാണ്”- മന്ത്രി വ്യക്തമാക്കി.
മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ സന്ദേശം മുമ്പ് ചര്‍ച്ചയില്‍ വായിച്ചും സ്വയം ഇളിഭ്യനായ ചരിത്രമുണ്ട് ഈ അവതാരകന്. സ്പീക്കര്‍ ഓഫീസിലെ പ്യൂണ്‍ ആയിരിക്കാന്‍പോലും ശ്രീരാമകൃഷ്ണന് യോഗ്യതയില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു അധിക്ഷേപം. കിട്ടുന്ന അവസരങ്ങളിലെല്ലാം ഏഷ്യാനെറ്റും അവതാരകനും ഇടതുപക്ഷത്തെ ആക്രമിക്കുക പതിവാക്കിയിരിക്കുകയാണ്.