കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൺസൺ മാവുങ്കലിന് സുരക്ഷയൊരുക്കിയത് പോലീസിന് നാണക്കേടായി. മോണൻസണിന്റെ കൊച്ചി കലൂരിലേയും ചേർത്തലയിലേയും വീട്ടിൽ പോലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചിരുന്നു. തട്ടിപ്പിൽ മോൺസൺ പിടിയിലായതോടെ ഇന്ന് ഈ ബീറ്റ് ബോക്സുകൾ പോലീസ് എടുത്തുമാറ്റി.
ഏതെങ്കിലും പ്രദേശത്തെ സുരക്ഷ ദിവസവും വിലയിരുത്തിയ ശേഷം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനാണ് പോലീസ് ബീറ്റ് ബോക്സുകൾ വെക്കാറുള്ളത്. ഇത്തരത്തിൽ മോണൻസണിന്റെ വീടിന്റെ ഗേറ്റിലും പോലീസിന്റെ ബീറ്റ് ബോക്സ് ഉണ്ടായിരുന്നു.
ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹറ മോൺസണിന്റെ വീട് സന്ദർശിച്ച ശേഷമാണ് ഇത്തരമൊരു ബീറ്റ് ബോക്സ് ഇവിടെ സ്ഥാപിച്ചതെന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാർ പറയുന്നത്.
പോലീസിലെ നിരവധി ഉന്നതോദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളിലെ ഉന്നത നേതാക്കൾക്കും സിനിമാ താരങ്ങൾക്കുമെല്ലാം മോൻസണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ബീറ്റ് ബോക്സ് ഇയാളുടെ വീടിന് മുന്നിൽ വെക്കാനിടയായ സാഹചര്യം സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് ആരംഭിച്ചിട്ടുണ്ട്.
മോൻസൺ മാവുങ്കിലിന്റെ വീടിനകത്ത് പലയിടത്തും ക്യാമറകളുണ്ട്. വീടിനകത്ത് കയറിയാൽ അംഗരക്ഷകരെയും നായ്ക്കളെയും മറികടന്ന് പുറത്തിറങ്ങാൻ എളുപ്പമല്ല. സമൂഹത്തിൽ വളരെ ഉന്നതസ്ഥാനത്തുള്ള പലർക്കുമൊപ്പം മോൻസൺ അടുപ്പത്തോടെ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്.