കഴിഞ്ഞ ഒരാഴ്ചയോളമായി കേരളത്തിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് നൽകുന്നത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. ഒരാളിൽ നിന്നും എത്രപേരിലേക്ക് കോവിഡ് പടരുന്നു എന്ന് സൂചിപ്പിക്കുന്ന റീപ്രൊഡക്ഷൻ ഫാക്ടർ (ആർ ഘടകം) ഒന്നിൽ താഴെയായതും സംസ്ഥാനത്ത് ഇനിയും കോവിഡ് നിരക്ക് കുറയും എന്നതിന്റെ സൂചനയാണ്. കേരളത്തിൽ കോവിഡ് കേസുകൾ കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ച് കോഴിക്കോട് ആസ്റ്റർ മിംമ്സിലെ എമർജൻസി മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോക്ടർ പി.പി വേണുഗോപാൽ മാതൃഭൂമിഡോട്ട് കോമുമായി സംസാരിക്കുന്നു.
രോഗനിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങൾ?
ഓരോ വ്യക്തിക്കും വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷി കുറച്ച് കൂടിയിട്ടുണ്ട്. രോഗം കുറയാൻ ഏറ്റവും പ്രധാനം മൂന്ന് കാര്യങ്ങളാണ്-
ഒന്ന്, നമ്മളുടെ സംസ്ഥാനം 90 ശതമാനം ആളുകളിലേക്ക് ഒരു ഡോസ് വാക്സിൻ കൊടുക്കുന്ന സ്റ്റേജിലേക്ക് എത്തി. രണ്ടാമത്തെ കാര്യം, നമ്മുടെ സമൂഹത്തിൽ ഏകദേശം 46 ലക്ഷത്തിലധികം ആളുകൾക്ക് ഇതിനോടകം കോവിഡ് വന്നുകഴിഞ്ഞു. നമ്മുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 15 ശതമാനത്തിൽ താഴെയാണെങ്കിൽ കൂടി അത്രയും ആളുകൾ പ്രതിരോധശേഷി കൈവരിച്ചു. അതോടൊപ്പം,രോഗം വന്നുപോയത് അറിയാത്തവരും ഉണ്ടാവും. ഇതൊക്കെയാണ് രോഗം കുറയാൻ കാരണം.
കഴിഞ്ഞ രണ്ടാഴ്ചയായി രോഗം ബാധിക്കുന്നവരുടെ എണ്ണം മാത്രമല്ല, രോഗം ഗുരുതരമാകുന്നവരുടെ എണ്ണം ഓക്സിജൻ വേണ്ടി വരുന്നവരുടെ എണ്ണം, ഐസിയു ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം എന്നിവയും കുറഞ്ഞിട്ടുണ്ട്. ഏകദേശം 200 രോഗികൾ ചികിത്സ തേടിവരുന്ന ഒരു ആശുപത്രിയിൽ ഇപ്പോൾ ഏകദേശം 50 രോഗികൾ മാത്രമാണ് എത്തുന്നത്. കേരളം മുഴുവൻ ഈ ഒരു സാഹചര്യമാണ് ഇപ്പോൾ കാണുന്നത്.
എന്തുകൊണ്ട് മരണ നിരക്ക് ഇപ്പോഴും കൂടി നിൽക്കുന്നു?
ഡോക്ടർ പി.പി വേണുഗോപാൽ
വാക്സിനെടുക്കാത്തതുകൊണ്ടോ, വാക്സിൻ എടുത്തിട്ടും പ്രതിരോധ ശേഷി കൈവരിക്കാത്തതുകൊണ്ടോ ആണ് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇപ്പോൾ കോവിഡിനെ അതിജീവിക്കാൻ പറ്റാത്തത്. ചികിത്സ തേടിയെത്തുന്നവരിൽ കൂടുതലും ഈ വിഭാഗത്തിൽ പെടുന്നവർ ആയതുകൊണ്ടാണ് മരണ നിരക്ക് ഉയർന്നുതന്നെ നിൽക്കുന്നത്. ഇതൊരു തരംഗമാണ് അതൊന്നു കെട്ടടങ്ങാൻ കുറച്ചുസമയം കൂടി എടുക്കും.രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മരണ നിരക്ക് നന്നായി കുറയും.
തീരെ വാക്സിനെടുക്കാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയർന്നോ?
ഈ ഒരു രണ്ടാഴ്ചയിലെ എന്റെ അനുഭവത്തിൽ നിന്ന്പറയാൻ കഴിയുന്നത് വാക്സിനെടുക്കാത്തവരിൽ രോഗം കൂടി എന്നുതന്നെയാണ്. അവരെല്ലാം അറുപത് വയസ്സിന് മുകളിലുള്ളവരും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമാണ്. ഇവർക്ക് എന്തുകൊണ്ട് വാക്സിൻ കൊടുത്തില്ല എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി പ്രായമായത് കൊണ്ട്, അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് കൊടുത്തില്ല എന്നാണ്. വാക്സിനെടുത്താൽ കോവിഡിൽ നിന്ന് രക്ഷപ്പെടുത്താനുള്ള സാധ്യത 90ശതമാനം ആണെന്നും വാക്സിൻ എടുക്കാത്തവരിൽ രോഗം ഗുരുതരമായാൽ രക്ഷപ്പെടാനുള്ള സാധ്യത പത്ത് ശതമാനത്തിൽ താഴെയാണെന്നും മനസ്സിലാക്കാത്ത ഒരു ചെറിയ വിഭാഗം ഇപ്പോളും ഉണ്ട്. അത് മാറേണ്ടതാണ്.
മൂന്നാം തരംഗത്തിനുള്ള സാധ്യത ഇല്ലാതായോ?
മൂന്നാം തരംഗം ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല. അഥവാ മൂന്നാം തംരംഗം വന്നാലും നമ്മൾ ഒന്നാം തരംഗത്തേയും രണ്ടാം തരംഗത്തേയും നേരിട്ടതിനേക്കാൾ ആത്മവിശ്വാസത്തോടെ നമുക്കതിനെ നേരിടാൻ കഴിയും. മരണനിരക്കും ഗുരുതര രോഗികളുടെ എണ്ണവും നമുക്ക് നിയന്ത്രിക്കാൻ പറ്റും. കാരണം, വാക്സിനേഷൻ നിരക്കും ആർജ്ജിത പ്രതിരോധ ശേഷിയും കൂടി.മോണോക്ലോണൽ ആന്റിബോഡി പോലുള്ള മരുന്നുകൾ നമ്മുടെ കയ്യിലുണ്ട്. ഒപ്പം കോവിഡിനെ നേരിടാൻ നമ്മൾ കൂടുതലായി സജ്ജീകരിച്ച ഓക്സിജൻ, ഐസിയു സംവിധാനങ്ങൾ. ഒന്നരവർഷത്തെ കോവിഡ് ചികിത്സയിലൂടെ ഉണ്ടായ അനുഭവ സമ്പത്ത് ഇത്രയും കാര്യങ്ങൾ മതി ഇനി ഏത് തരംഗത്തേയും നേരിടാൻ.
കോവിഡിനെ പൂർണ്ണമായും അതിജീവിക്കാൻ കേരളത്തിന് കഴിയുമോ?
നമ്മൾ നേരത്ത തന്നെ ശീലിച്ചുപോരുന്ന സാമൂഹ്യ അകലം, കൈ വൃത്തിയാക്കൽ, മാസ്കിന്റെ ഉപയോഗം തുടങ്ങിയവഉപേക്ഷിക്കേണ്ട കാലം ആയിട്ടില്ല.ഒപ്പം, ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനത്തിൽ എത്തിക്കുക, ആദ്യ ഡോസ് വാക്സിനെടുത്തവർക്ക് കൃത്യസമയത്ത് തന്നെ രണ്ടാമത്തെ ഡോസ് വാക്സിൻ നൽകുക എന്നിവയും പ്രധാനമാണ്.അങ്ങനെ 90 ശതമാനം ആളുകളിലും രണ്ട് ഡോസ് വാക്സിൻ എത്തിയാലേനമുക്ക് ആശ്വസിക്കാവുന്ന ഒരു സാഹചര്യം ഉണ്ടാവൂ. ഇപ്പോൾ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഇതേ രീതിയിൽ തുടർന്നാൽ ആറ് മാസം കൊണ്ട്, അല്ലെങ്കിൽ 2022ന്റെ തുടക്കത്തിൽ തന്നെ കേരളത്തിന് കോവിഡിനെ കീഴടക്കാൻ കഴിയും.