തിരുവനന്തപുരം > കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ച തീരുമാനം പിൻവലിക്കില്ലെന്ന് വ്യക്തമാക്കി വി എം സുധീരൻ. കെപിസിസിയുടെ പുതിയ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിലുള്ള പ്രതിഷേധമാണ് രാജിയിലൂടെ അറിയിച്ചത്.
ഒരു കാര്യത്തിലും കൂടിയാലോചനയില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാമായിരുന്ന സുവർണാവസരം പുതിയ നേതാക്കൾ കളഞ്ഞുകുളിച്ചുവെന്ന നിലപാടാണ് സുധീരന്റേത്. ഇങ്ങനെ സംഘടനയെ നയിച്ചാൽ പാർടിയെ സ്നേഹിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന സൂചനയും നൽകുന്നു.
സുധീരനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഞായറാഴ്ച വീട്ടിലെത്തി ചർച്ച നടത്തി. സുധീരൻ തന്റെ നിലപാട് ആവർത്തിച്ചു. അങ്ങനെ നിലപാട് മാറ്റുന്ന ആളല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സന്ദർശിച്ചതെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സമ്മർദം ചെലുത്താൻ പത്ത് സതീശൻ ചെന്നിട്ടും കാര്യമില്ല. തങ്ങളുടെ ഭാഗത്തും വീഴ്ചയുണ്ടായി. അത് സമ്മതിച്ചു, ക്ഷമ ചോദിച്ചുവെന്നും സതീശൻ പറഞ്ഞു.
അനുനയ ശ്രമമമെന്ന് പറഞ്ഞ് ഒരുഭാഗത്ത് കൂടിക്കാഴ്ച നടക്കുമ്പോഴും സുധീരനെതിരെ പടനയിക്കുകയാണ് പുതിയ ചേരി. അനുയായികളെക്കൊണ്ട് സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നു. രാഷ്ട്രീയകാര്യസമിതി എന്ന സംവിധാനംതന്നെ ഉപേക്ഷിക്കാനുള്ള നീക്കവും ഹൈക്കമാൻഡിന്റെ പിന്തുണയോടെ നടക്കുന്നു. പുതിയ ചേരിയിലെ നേതാക്കൾ പറയാതെ സുധീരനെ കാണില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നിലപാട് ഹൈക്കമാൻഡ് ഏത് പക്ഷത്താണെന്നതും വ്യക്തമാക്കുന്നു.