തിരുവനന്തപുരം > വി എം സുധീരനുമായി ആശയവിനിമയം നടത്തുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായം തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സുധീരനോട് അഭിപ്രായങ്ങൾ ചോദിച്ചിട്ടുണ്ടെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്താതെ കളഞ്ഞുകുളിച്ചത് സുധീരനാണ്. ‘കെപിസിസിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞങ്ങളാണ്. എല്ലാ കാര്യവും രാഷ്ട്രീയകാര്യസമിതിയുമായി ചർച്ച ചെയ്യേണ്ടതില്ല.
എല്ലാ തീരുമാനത്തിനും ഹൈക്കമാൻഡിന്റെ പിന്തുണയുണ്ട്. വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ഹൈക്കമാൻഡ് പറയട്ടെ. കാര്യമായ ഒരു പ്രശ്നവും ഇപ്പോൾ പാർടിയിലില്ല. ഏത് പ്രശ്നവും പരിഹരിക്കാനുള്ള തന്റേടമുണ്ട്. പാലാ ബിഷപ്പിന്റെ പ്രസ്താവന സംബന്ധിച്ച് പി ചിദംബരത്തിന്റെ ലേഖനത്തിലെ അഭിപ്രായത്തോട് യോജിപ്പില്ല. ഏത് സാഹചര്യത്തിലാണ് ചിദംബരം പറഞ്ഞതെന്നറിയില്ല. ഇവിടുത്തെ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് കെപിസിസിയാണ്’ –- സുധാകരൻ പറഞ്ഞു.
സുധീരന് പിന്നിൽ അണിനിരന്ന് മുതിർന്ന നേതാക്കൾ
രാഷ്ട്രീയകാര്യസമിതിയിൽനിന്ന് വി എം സുധീരൻ രാജിവച്ചതിനെത്തുടർന്ന് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി. മുതിർന്ന നേതാക്കളെല്ലാം സുധീരനുപിന്നിൽ അണിനിരക്കുന്നു. സുധീരനെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് പുതിയ ചേരിയെ ഓർമിപ്പിച്ച് സമ്മർദത്തിലാക്കുകയാണ് തന്ത്രം. സുധീരന്റെ പരാതിയെന്തെന്ന് മനസ്സിലാക്കി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ നേതൃത്വം തയ്യാറാകണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
സുധീരനെ മാറ്റിനിർത്താനാകില്ലെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സുധീരന്റെ ഉറ്റ അനുയായി ടി എൻ പ്രതാപൻ എംപി സോണിയ ഗാന്ധിക്ക് കത്തയച്ചു.