കൊച്ചി > പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയയാൾ ക്രൈംബ്രാഞ്ച് പിടിയിൽ. ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൻസൺ മാവുങ്കലിനേയാണ് (52) അറസ്റ്റ് ചെയ്തത്. ആറ് പേരിൽ നിന്ന് ഇയാൾ പത്ത് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് ചേർത്തലയിലെ വീട്ടിൽ ശനിയാഴ്ച എത്തിയപ്പോഴാണ് വൈകിട്ട് ക്രൈംബ്രാഞ്ച് പിടികൂടിയത്. പിടികൂടുമ്പോൾ ഇയാളുടെ ഒപ്പം അംഗരക്ഷകരുമുണ്ടായിരുന്നു. മോൻസണിന്റെ കൂട്ടാളികളായ നാലു പേർ കൂടി കസ്റ്റഡിയിലായതായും സൂചനയുണ്ട്.
യുഎഇയിലും മറ്റുമുള്ള രാജകുടുംബാംഗങ്ങൾക്ക് താൻ പുരാവസ്തു നൽകിയിട്ടുണ്ടെന്നും ഇതിലൂടെ 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇയാൾ പരിചയക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഡൽഹി എച്ച്എസ്ബിസി ബാങ്കിലെ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ചില നിയമക്കുരുക്കുകൾ കാരണം പണം പിൻവലിക്കാൻ സാധിക്കില്ലെന്നും താൽക്കാലിക ആവശ്യങ്ങൾക്കായി പണം നൽകണമെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. ഇത് വിശ്വസിച്ച് പണം നൽകിയവരാണ് കബളിപ്പിക്കപ്പെട്ടത്. ഡൽഹിയിൽ ഇയാൾക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശി യാക്കോബ് പുരയിലും മറ്റ് അഞ്ച് പേരുമാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. എഡിജിപി മനോജ് എബ്രഹാമിന് നൽകിയ പരാതി പിന്നീട് ഡിജിപി അനിൽ കാന്തിന് കൈമാറുകയായിരുന്നു. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്.
ഇയാളുടെ കലൂർ വൈലോപ്പിള്ളി ലൈനിലുള്ള രണ്ടു വീടുകളിലും ക്രൈംബ്രാഞ്ച് ഞായറാഴ്ച രാവിലെ മുതൽ പരിശോധന നടത്തി. എറണാകുളം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് (രണ്ട്) എസ്പി എം ജെ സോജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വൈകിട്ടു വരെ നീണ്ട പരിശോധനയിൽ വിലപ്പെട്ട രേഖകൾ കണ്ടെത്തിയതായാണ് സൂചന. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നത് ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.