കോടികളുടെ സാമ്പത്തിക തട്ടിപ്പിനൊപ്പം കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തു കേന്ദ്രത്തിലൂടെ പുരാവസ്തുക്കളെന്ന് വിശ്വസിപ്പിച്ച് വൻകിട തട്ടിപ്പും നടത്തി. ശനിയാഴ്ച ചേർത്തലയിലെ വസതിയിൽ നിന്നാണ് മോൻസൻ മാവുങ്കലിനെ കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
അഞ്ച് പേരിൽ നിന്നായി പത്ത് കോടിയിലധികം രൂപ മോൻസൻ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ പറയുന്നത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് പുരാവസ്തുക്കൾ കൈമാറ്റം ചെയ്ത ഇടപാടിൽ 2,62,000 കോടി രൂപ തൻ്റെ അക്കൗണ്ടിൽ എത്തിയെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഈ പണം ബാങ്കിൽ നിന്നും എടുക്കാൻ ചില നിയമതടസങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് അഞ്ച് പേരിൽ നിന്നായി പത്ത് കോടി രൂപ തട്ടിയെടുത്തത്. ഇടപാടുകാരെ വിശ്വസിപ്പിക്കാനായി വ്യാജ ബാങ്ക് രേഖകൾ കാണിക്കുകയും ചെയ്തു. പണം തന്ന് സഹായിക്കുന്നവർക്ക് ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ പലിശയില്ലാതെ പണം നൽകുമെന്നായിരുന്നു മോൻസൻ നൽകിയിരുന്ന വാഗ്ദാനം.
പണം വാങ്ങിയ ശേഷം മോൻസൻ കമ്പളിപ്പിച്ചുവെന്ന് വ്യക്തമായതോടെ പണം നൽകിയവർ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ 2,62,000 കോടി രൂപ ഉണ്ടെന്ന് അവകാശപ്പെടുന്ന അക്കൗണ്ട് പോലും ഇയാൾക്കില്ലെന്ന് വ്യക്തമായി. ടിപ്പു സുൽത്താൻ്റെ സിംഹാസനം അടക്കമുള്ള പുരാവസ്തുക്കൾ കൈവശമുണ്ടെന്ന വാദവും കളവാണെന്ന് കണ്ടെത്തി. ചേർത്തലയിലെ ഒരു ആശാരിയാണ് മോൻസൻ്റെ പുരാവസ്തു കേന്ദത്തിലേക്ക് വസ്തുക്കൾ നിർമ്മിച്ച് നൽകിയതെന്നും കണ്ടെത്തി. ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി അടക്കമുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന പ്രതിയുടെ വാദവും വ്യാജമാണ്. മോശയുടെ അംശ വടിയും ഇത്തരത്തിൽ കൃത്യമമായി നിർമ്മിച്ചതാണ്.
കോസ്മറ്റോളജിയിൽ ഉൾപ്പെടെ മോൻസൻ്റെ പേരിലുള്ള ഡോക്ടറേറ്റ് വ്യാജമാണെന്നും കണ്ടെത്തി. ഇയാൾക്ക് ഉന്നത ബന്ധങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. കൊച്ചി കലൂരിലെ പുരാവസ്തു കേന്ദ്രത്തിലേക്ക് പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിച്ചിരുന്നു. സിനിമാ മേഖലയിലുള്ളവരുമായും ബന്ധമുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് .
പുരാവസ്തുക്കൾ കൈമാറ്റം ചെയ്തതിൻ്റെ പ്രതിഫലമായി ദുബായിലെയും കുവൈറ്റിലെയും രാജകുടുംബങ്ങൾ നൽകിയ പണമാണ് ബാങ്കിലുള്ളതെന്നായിരുന്നു മോൻസൻ ഇടപാടുകാരോട് പറഞ്ഞിരുന്നു. പത്ത് കോടി രൂപ പലരിൽ നിന്നായി വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പേരില്‍ വിദേശത്ത് ഒരു അക്കൌണ്ടും ഇല്ലെന്ന് കണ്ടെത്തി. യൂട്യൂബ് ചാനലിലൂടെ സിനിമാ സ്റ്റൈലിൽ സ്വന്തമായി വീഡിയോ ചിത്രീകരിക്കുകയും പുറത്തുവിടുകയും ചെയ്തിരുന്നു.