തിരുവനന്തപുരം
വിജനമായ ലെവൽക്രോസിലടക്കം രാത്രി ജോലിചെയ്യുന്ന വനിതാ ജീവനക്കാർക്ക് പ്രത്യേക സുരക്ഷ നൽകുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് റെയിൽവേ. മേലുദ്യോഗസ്ഥരുടെ പീഡനത്തിന് ഇരയായവരുടെ പരാതിയിൽ നടപടി എടുത്തിട്ടില്ലെന്നും വിവരാവകാശരേഖ.
ലൈൻ പരിശോധന, ലെവൽക്രോസ് കാവൽ, മാനേജർ, അസി. മാനേജർ തുടങ്ങി നിരവധി വിഭാഗങ്ങളിലാണ് റെയിൽവേയിൽ സ്ത്രീകളുള്ളത്. അടുത്തിടെ മുരുക്കുംപുഴ ലെവൽക്രോസിൽ ജീവനക്കാരി ആക്രമിക്കപ്പെട്ട സംഭവവുമുണ്ടായി. ഇതോടെയാണ് സുരക്ഷാചർച്ച സജീവമായത്. ഭയന്നാണ് രാത്രി ജോലിചെയ്യുന്നത്. കുടുംബം പട്ടിണിയാകാതിരിക്കാനാണ് ജോലി ഉപേക്ഷിക്കാത്തതെന്നും സാങ്കേതിക വിഭാഗത്തിലെ സ്ത്രീജീവനക്കാർ പറയുന്നു. ഇവർക്ക് പ്രത്യേക സുരക്ഷയൊരുക്കാൻ ആകില്ലെന്നാണ് ദക്ഷിണ റെയിൽവേ ഇപ്പോഴും പറയുന്നത്.
സൂപ്പർ വൈസർ നിലവാരത്തിലുള്ളവരുടെ പീഡനത്തിന് ഇരയായ ജീവനക്കാരികളുടെ പരാതി അന്വേഷണത്തിലാണെന്നും വിവരാവകാശ രേഖയിലുണ്ട്. അഞ്ചുവർഷംമുമ്പുള്ള പരാതിക്കുവരെ പരിഹാരമായിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കൊച്ചുവേളി സ്റ്റേഷനിൽ ഇത്തരം സംഭവമുണ്ടായി. കാര്യേജ് ആൻഡ് വാഗൺ വിഭാഗത്തിലുള്ള സ്ത്രീകളാണ് അഞ്ച് പരാതിക്കാർ.
ആരോപണവിധേയനായ ഒരാളെ തൊഴിൽ സംഘത്തിൽനിന്ന് മാറ്റിയതൊഴിച്ചാൽ മറ്റ് നടപടിയുണ്ടായിട്ടില്ല. റെയിൽവേയുടെ അച്ചടക്ക അപ്പീൽ സമിതിമുമ്പാകെയാണ് ഇപ്പോഴും അന്വേഷണ റിപ്പോർട്ടുകൾ. വ്യക്തമായ തെളിവുള്ളവയിലടക്കം നടപടിക്ക് അനാവശ്യ കാലതാമസം വരുത്തുന്നതായും പരാതിയുണ്ട്.