തിരുവനന്തപുരം > നോക്കുകൂലി സാമൂഹിക വിരുദ്ധമായ നീക്കമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് നേരത്തെ വ്യക്തമാക്കിയതാണ്. ആരെങ്കിലും അത്തരം നീക്കവുമായി ഇറങ്ങിപ്പുറപ്പെട്ടാൽ അതിനെ ഏതെങ്കിലുമൊരു സംഘടനയുടേതായി കാണരുത്. നോക്കുകൂലി അനുവദിക്കില്ല. ഇക്കാര്യത്തിൽ ശക്തമായ നടപടിയുമായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നോക്കുകൂലിയുമായി ബന്ധപ്പെട്ട് അടുത്ത് ഉയർന്ന് വന്ന സംഭവങ്ങളിലൊന്നിൽ ഒരു യൂണിയനിലും പെട്ടവരല്ല പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് മനസിലായത്. പക്ഷേ അവരും പറഞ്ഞത് നോക്കുകൂലിയെന്നാണ്. കിട്ടുന്നത് നേടിയെടുക്കുകയെന്ന ശ്രമമാണത്. ഇതിനെ സാമൂഹിക വിരുദ്ധ നീക്കമായാണ് കാണുന്നത്. ഇതിനെതിരെ നടപടിയെടുക്കുന്നതിൽ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.