തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക വാർത്താ സമ്മേളനങ്ങൾക്കായി സർക്കാർ ടെലിപ്രോംപ്റ്റർ വാങ്ങുന്നു. 6.26 ലക്ഷം രൂപയ്ക്ക് ടെലിപ്രോംപ്റ്റർ വാങ്ങാൻ പിആർഡിക്ക് അനുമതി നൽകി ഉത്തരവായി. പിആർ ചേംബറിലാണ് പ്രോംപ്റ്റർ സ്ഥാപിക്കുക.
നിലവിൽപിആർ ചോംബറിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാർത്താ സമ്മേളനങ്ങൾ നടത്തുമ്പോൾ മുന്നിലുള്ള പേപ്പർ നോക്കിയാണ് കാര്യങ്ങൾ വിശദീകരിക്കാറുള്ളത്. ഈ രീതിക്ക് മാറ്റംവരുത്താനാണ് ടെലിപ്രോംപ്റ്റർ. ഇതോടെ പേപ്പർ ഇല്ലാതെ മുന്നിലുള്ള സ്ക്രീനിൽ നോക്കി കാര്യങ്ങൾ വിശദീകരിക്കാൻ മന്ത്രിമാർക്ക് സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിനായി ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നുണ്ട്.
പ്രോംപ്റ്ററിനായി കെൽട്രോൺ സമർപ്പിച്ച 6,26,989 രൂപയുടെ പ്രൊപ്പോസലിനാണ് സർക്കാർ അംഗീകാരം നൽകിയത്. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് സെക്രട്ടറിക്ക് 1 കോടി രൂപ വരെ അനുവദിക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതിൽ ഉൾപ്പെടുത്തിയാണ് ടെലിപ്രോംപ്റ്റർ വാങ്ങുന്നത്.
content highlights:government buys teleprompter for official press meet of ministers