കൊച്ചി: ഭരണമുള്ള പാർട്ടിയിലേക്ക് പോകുന്നവരെ തടയാൻ കഴിയില്ലന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വി.എം. സുധാരന്റെ രാജി കാരണം പരിശോധിക്കും. പാർട്ടി നേതാക്കളുമായി വിഷയം ചർച്ച ചെയ്യും. ആവശ്യമെങ്കിൽ സുധീരനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിയിലെ നിലവിലെ സ്ഥിതിഗതികളുടെ അവലോകനത്തിനും നേതൃതല ചർച്ചകൾക്കുമായി എത്തിയതായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി.
പാർട്ടി വിട്ടുപോകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ എങ്ങനെ അവരെ തടയുമെന്ന് താരിഖ് അൻവർ ചോദിച്ചു. നമുക്കവരെ തടയാനാകില്ല. പ്രതിപക്ഷ പാർട്ടിയുടെ ഭാഗമായി തുടരാൻ ചിലർ ആഗ്രഹിക്കുന്നില്ല. അവർ ഭരണമുള്ള പാർട്ടിയിലേക്ക് പോകാൻ ശ്രമിക്കും. അത്തരത്തിൽ ചിലർ ഭരണപക്ഷ പാർട്ടിയിലേക്ക് പോയിട്ടുണ്ട്. അത് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് നേതാക്കളടക്കമുള്ളവർപാർട്ടി വിട്ടുപോകുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ പ്രതികരണം. പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്നവരെ തടയാൻ കഴിയില്ലെന്ന് പറഞ്ഞ താരിഖ് അൻവർ പക്ഷേ, കൂടുതൽ ആളുകൾപാർട്ടി വിടുന്നസാഹചര്യം അടക്കമുള്ളവയെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
വി.എം. സുധീരൻ രാജിവെച്ചതിന്റെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ കൂടിക്കാഴ്ച നടത്തും. മുതിർന്ന നേതാക്കളുടെ സഹകരണം ഉറപ്പാക്കണമെന്നാണ് ആഗ്രഹം. പരസ്പരമുള്ള സഹകരണത്തിന് നിർബന്ധിക്കാനാകില്ലെന്നും താരിഖ് അൻവർ പറഞ്ഞു.
Content Highlights:Tariq Anwar on issues in Congress kerala unit