തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെഒളിയമ്പുമായി പാർട്ടി ജനറൽ സെക്രട്ടറി എം.ടി.രമേശ്. അധികാരത്തിന്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ധാർമ്മിക ബോധം മറക്കുന്നുവെന്നും അത് തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കുമെന്നും രമേശ് വ്യക്തമാക്കി. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് എം.ടി.രമേശിന്റെ പരോക്ഷ വിമർശനമുള്ളത്.
തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംക്ഷിക്കാതെയാണ് ദീൻ ദയാൽ ഉപാധ്യായ പ്രവർത്തിച്ചത്. അധികാരത്തിന്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ മറന്നുപോകുന്ന ധാർമ്മിക ബോധം തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കും. സംഘടനയും അതിന്റെ ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാണ് താനും രമേശ് വ്യക്തമാക്കി.
കേരളത്തിൽ അധികം പേർക്ക് അധികാരം ലഭിച്ചിട്ടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മറുപടി. അധികാരം ലഭിക്കാത്തവരാണ് ഭൂരിപക്ഷം പ്രവർത്തകരും. എം.ടി.രമേശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
എം.ടി.രമേശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
ഭാരതീയ ജനതാപാർട്ടിയുടെ സംഘടനാ ശരീരവും ആദർശത്തിന്റെ ആത്മാവും ഒരു പോലെ കടപെട്ടിരിക്കുന്ന നേതാവാണ് ദീനദയാൽ ഉപാദ്ധ്യായ്.1951 ൽ ശ്യാമ പ്രസാദ് മുഖർജി ഭാരതീയ ജനസംഘം രൂപീകരിച്ച ശേഷം സംഘത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ദീനദയാൽജി ജനസംഘ പ്രവർത്തനം തുടങ്ങുന്നത്,53 ൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും 67 ൽ കോഴിക്കോട്ടെ സമ്മേളനത്തിൽ അഖിലേന്ത്യ അധ്യക്ഷനാവുകയും ചെയ്തു.ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ശ്രീ ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദർശനമാണ് എകാത്മാ മാനവ ദർശനം.ഗ്വാളിയാറിൽ ചേർന്ന 500 പ്രവർത്തകരുടെ നാലുദിവസത്തെ ചിന്തൻ ശിബിരത്തിലാണ് ദീനദയാൽ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. ഉദാത്തമായ ഈ ചിന്താധാരക്കനുസരിച്ച് ഒരു കർമ്മ പദ്ധതി തയ്യാറാക്കും മുമ്പ് 1968ൽ അദ്ദേഹം നമ്മെ വിട്ടു പോയി.ആദർശത്തിന്റെ ആൾരൂപമായിരുന്ന ദീനദയാൽജിയുടെ ജീവിതം ഏതൊരു പൊതുപ്രവർത്തകനും മാതൃകയാണ്.1942-ൽ അദ്ദേഹം ലഖിംപൂർ ജില്ലാ പ്രചാരകനായി സംഘടനാ പ്രവർത്തനം തുടങ്ങി. 1951-ൽ ഉത്തർപ്രദേശ് സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവിൽ പാഞ്ചജന്യ , സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്രീ ശ്യാമപ്രസാദ് മുഖർജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. ആ യത്നത്തിലേക്ക് ദീനദയാൽ, വാജ്പേയി തുടങ്ങിയ ചിലരെ സംഘം നിയോഗിക്കുകയായിരുന്നു. തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവർത്തിച്ചു, അധികാരത്തിന്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ മറന്നു പോകുന്ന ധാർമ്മിക ബോധം തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കും.സംഘടനയും അതിന്റെ ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാണ് താനും.