തൃശൂര് > അഞ്ചുവര്ഷത്തിനകം കേരളത്തെ സമ്പൂര്ണ ശുചിത്വ നാടാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. ഉറവിട മാലിന്യത്തിനൊപ്പം കേന്ദ്രീകൃത ശാസ്ത്രീയ മാലിന്യപദ്ധതികള് നടപ്പാക്കും. ജനങ്ങളെ ബോധവല്ക്കരിച്ച് സുതാര്യമായി നടപ്പാക്കാനാവണം. നാലായിരം കോടികൂടി അമൃത് പദ്ധതിപ്രകാരം ലഭിക്കും. ഇതില് ശുചിത്വപദ്ധതികള്ക്ക് മുന്ഗണന നല്കും. 26 കോടി ചെലവില് കോര്പറേഷനില് പൂര്ത്തിയാക്കിയ അമൃത് പദ്ധതികള് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി വാങ്ങി മാലിന്യസംസ്കരണ പ്ലാന്റുകള് സ്ഥാപിച്ചശേഷമായിരിക്കണം കേന്ദ്രങ്ങളിലേക്ക് മാലിന്യങ്ങള് എത്തിക്കേണ്ടത്. ശാസ്ത്രീയ സംവിധാനങ്ങള് ജനങ്ങളെ ബോധ്യപ്പെടുത്താനാവണം. പൊതുസ്ഥലങ്ങളില് മാലിന്യം തള്ളുന്നതിനെതിരെ സാമൂഹ്യ ശുചിത്വ അവബോധവും വളര്ത്തിയെടുക്കണം. കോര്പറേഷനില് അമൃത് പദ്ധതികള്ക്ക് അതിവേഗം പൂര്ത്തീകരിക്കാന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങില് റവന്യുമന്ത്രി കെ രാജന് ശിലാഫലകം അനാച്ഛാദനം ചെയ്തു. മേയര് എം കെ വര്ഗീസ് അധ്യക്ഷനായി.