തിരുവനന്തപുരം > കുട്ടികൾക്കെതിരായ അതിക്രമത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളം രാജ്യത്ത് രണ്ടാമത്. മിസോറം മാത്രമാണ് കേരളത്തിന് മുന്നിലുള്ള സംസ്ഥാനം. 2020ൽ റിപ്പോർട്ട് ചെയ്ത 95.1 ശതമാനം കേസിലും കുറ്റപത്രം സമർപ്പിച്ചു. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ഇത്. 67.1 ശതമാനമാണ് ദേശീയ ശരാശരി. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് കണക്ക് പുറത്തുവിട്ടത്. 98.4 ശതമാനം ശതമാനം കേസുകളിലും മിസോറമിൽ കുറ്റപത്രം സമർപ്പിച്ചു. ഏറ്റവും പിന്നിലുള്ളത് ഒഡിഷയാണ്- 45.9 ശതമാനം. ഹരിയാനയിലും പകുതിയിൽ താഴെ കേസുകളിൽ മാത്രമേ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളൂ- 49.3 ശതമാനം.
സംസ്ഥാനത്ത് 3941 കേസ്
കുട്ടികൾക്കെതിരായ അതിക്രമത്തിൽ 2020ൽ സംസ്ഥാനത്ത് 3941 കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ 2163 എണ്ണവും പോക്സോ കേസാണ്. തിരുവനന്തപുരത്താണ് കൂടുതൽ- 503 എണ്ണം. രണ്ടാമത് മലപ്പുറം-464 കേസ്. കുറവ് പത്തനംതിട്ട. 143 കേസാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. പോക്സോ കേസുകളിൽ പ്രതികളിൽ 99.7 ശതമാനവും അതിജീവികയുടെ കുടുംബാംഗങ്ങളും അയൽവാസികളും സുഹൃത്തുക്കളുമാണ്.