വാഷിങ്ടണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച വെള്ളിയാഴ്ച ഓവല് ഓഫീസില് നടന്നു. കാലാവസ്ഥാ വ്യതിയാനം, കോവിഡ് പ്രതിരോധം, വാക്സിന് നയം, സാമ്പത്തിക സഹകരണം ഉള്പ്പെടെയുള്ളവ ചര്ച്ചയായി. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധച്ച് ചര്ച്ച നടന്നു. വരുന്ന ദശകത്തിൽ ഇന്ത്യ— ——യുഎസ് ബന്ധത്തിൽ വ്യാപാരം ഒരു പ്രധാന ഘടകമായിരിക്കുമെന്നും കൂടിക്കാഴ്ച ശക്തമായ സൗഹൃദത്തിന് വിത്ത് പാകുന്നതാണെന്നും മോദി ചര്ച്ചയില് അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും ദൃഡവും ആയിരിക്കുമെന്ന് ജോ ബൈഡന് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണസംവിധാനത്തിനെതിരായ നിലപാടും ചര്ച്ചയില് ഇന്ത്യ ഉന്നയിച്ചു. ബൈഡന് പ്രസിഡന്റായശേഷം ഇരു നേതാക്കളും നേരില് കൂടിക്കാഴ്ച നടത്തുന്നത് ആദ്യം. വ്യാഴാഴ്ച വൈസ് പ്രസിഡന്റ് കമല ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തി. പാക് കേന്ദ്രീകൃത ഭീകരവാദം ഇന്ത്യക്കും അമേരിക്കയ്ക്കും ഒരുപോലെ ഭീഷണിയാണെന്ന് ചര്ച്ചയില് കമല ഹാരിസ് പറഞ്ഞു. പാക് കേന്ദ്രീകൃത ഭീകരവാദം സംബന്ധിച്ച വിഷയം കൂടിക്കാഴ്ചയ്ക്കിടെ കമല ഹാരിസ് സ്വയം ഉന്നയിക്കുകയായിരുന്നുവെന്നും പരാമർശം ഇന്ത്യൻ നിലപാടിന്റെ വിജയമെന്നും വിദേശകാര്യമന്ത്രാലയം വ്യക്താക്കി. കോവിഡ് വാക്സിൻ കയറ്റുമതി ഇന്ത്യ ഉടൻ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തെ യുഎസ് അഭിനന്ദിക്കുന്നതായി കമല ഹാരിസ് അറിയിച്ചു. ക്വാഡ് രാഷ്ട്രങ്ങളുടെ കൂടിക്കാഴ്ചക്ക് മുന്നോടിയായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും മോദി ചര്ച്ച നടത്തി.