തിരുവനന്തപുരം
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെതിരെ വിജിലൻസ് അന്വേഷണത്തിന് ജയിൽ മേധാവിയുടെ ശുപാർശ. സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോർട്ടിലെ ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ശുപാർശയുണ്ട്.
വിയ്യൂർ ജയിലിൽ കൊലക്കേസ് പ്രതികളായ റഷീദ്, കൊടി സുനി എന്നിവർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം നടത്തി ഉത്തര മേഖലാ ഡിഐജി സമർപ്പിച്ച റിപ്പോർട്ടിൽ എ ജി സുരേഷിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് സൂചിപ്പിച്ചിട്ടുണ്ട്.
തുടർന്നാണ് ജയിൽ മേധാവി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. ഡിഐജിയുടെ റിപ്പോർട്ട് വെള്ളിയാഴ്ചയാണ് ജയിൽ മേധാവി ആഭ്യന്ത അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന് കൈമാറിയത്. സൂപ്രണ്ടിനെതിരെ അടുത്ത ദിവസംതന്നെ അന്വേഷണം പ്രഖ്യാപിച്ചേക്കും. അന്വേഷണവിധേയമായി സസ്പെൻഷനും വരും. ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശയുണ്ട്. ജയിൽ മേധാവി ഷേക് ദർവേഷ് സാഹെബ് ജയിലിൽ നടത്തിയ പരിശോധനയിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ജോയിന്റ് സൂപ്രണ്ടിനെതിരെ നടപടി ശുപാർശ.
വിയ്യൂർ ജയിലിലെ അനധികൃത ഫോൺ വിളിയിൽ സർക്കാർ നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് തൃശൂർ എസ്പി കെ സുദർശനാണ് അന്വേഷണ ചുമതല. സൂപ്രണ്ടിനെതിരായ അന്വേഷണവും ഇദ്ദേഹത്തിന് കൈമാറിയേക്കും.